അമ്മയ്ക്ക് ഗര്‍ഭകാലത്തു പ്രമേഹമുണ്ടെങ്കില്‍ അത് കുഞ്ഞിനെ ആയിരിക്കും കൂടുതല്‍ ബാധിക്കുക. കാരണങ്ങളൊന്നും കൂടാതെ തന്നെ കുഞ്ഞിന്റെ അനക്കം പെട്ടെന്ന് നിന്നു പോകാം. ഇങ്ങനെയുള്ള ഗര്‍ഭിണികളെ പ്രസവ തീയതിയ്ക്ക് രണ്ടോ മൂന്നോ ആഴ്ച മുമ്പു തന്നെ പ്രസവിപ്പിക്കേണ്ടതായിട്ടുണ്ട്.
സാധാരണ ഒരു ഗര്‍ഭിണിക്ക് കൊടുക്കുന്ന അത്ര സമയം സുഖപ്രസവത്തിനായി കാത്തിരുന്നാല്‍ പലപ്പോഴും അത് കുഞ്ഞിന്റെ ജീവനുതന്നെ അപകടമായി ഭവിക്കും. മാത്രവുമല്ല ഈ കുഞ്ഞുങ്ങള്‍ക്ക് സാധാരണയിലും കൂടുതല്‍ ഭാരവും ഉണ്ടാകും. അതുകൊണ്ടുതന്നെ പലപ്പോഴും സാധാരണ പ്രസവം സാധ്യമാകാതെ വരാം.
ജീവിതരീതിയില്‍ മാറ്റം
ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നീ അവസ്ഥകള്‍ക്ക് ഒരു കാരണം സ്ത്രീകളുടെ ജീവിതരീതി തന്നെയാണ്. ജീവിതശൈലീരോഗങ്ങളുടെ ഭാഗമായി ഗര്‍ഭകാലത്ത് വരാവുന്ന അവസ്ഥാ വിശേഷങ്ങളാണ് ഇവ. ഇതുവഴിയുണ്ടാകുന്ന സിസേറിയന് കുറയ്ക്കണമെങ്കില്‍ സ്ത്രീകള്‍ അവരുടെ ജീവിതരീതിയില്‍ തന്നെ വ്യത്യാസം വരുത്തണം.
ഫാസ്റ്റ് ഫുഡ് സ്റ്റൈലും ദുര്‍മേദസും
ഗര്‍ഭിണികളുടെ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പൂര്‍ണമായ അവബോധം ഉണ്ടാകണം. ഫാസ്റ്റ് ഫുഡ് സംസ്കാരവും ദുര്‍മേദസും ജീവിതത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം സിസേറിയന് നിരക്ക് കൂടിത്തന്നെയിരിക്കും.
സുഖപ്രസവത്തിന്
ഇടുപ്പെല്ലിന്റെ വ്യാപ്തിയും ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരവും ഒരു സുഖപ്രസവം നടക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഒരു സാധാരണ പ്രസവം നടക്കുന്നതിന് ഇടുപ്പെല്ലിന്റെ അളവും അതിനു ചുറ്റുമുള്ള പേശികളുടെ അയവും നിർണായക ഘടകമാണ്. കൗമാരപ്രായം തുടങ്ങി തുടര്‍ച്ചയായി ചെയ്യുന്ന ശാരീരിക വ്യായാമം ഇതിന് അത്യന്താപേക്ഷിതമാണ്.
വ്യായാമക്കുറവും സിസേറിയനും തമ്മിൽ?
ടിവി, മൊബൈല്‍ എന്നിവയ്ക്ക് മുന്നില്‍ തങ്ങളുടെ ഒഴിവുസമയം കഴിച്ചു കൂട്ടാന്‍ ആഗ്രഹിക്കുകയും താത്പര്യപ്പെടുകയും ചെയ്യുന്നവരാണ് ഇന്നത്തെ കുമാരിമാരും സ്ത്രീകളും.
വ്യായാമം ജീവിതത്തിന്റെ ഭാഗമല്ലെങ്കില്‍ അത് പേശികളേയും ഇടുപ്പെല്ലിനെയുമൊക്കെ ബാധിക്കും. ഇടുപ്പെല്ലിന്റെ വ്യാപ്തവും അയവുമൊക്കെ സുഖപ്രസവത്തിന് അത്യന്താപേക്ഷിതമാണ്. വ്യായാമക്കുറവിനൊപ്പം ഫാസ്റ്റ് ഫുഡിന്റെയും അധിക കലോറി ഭക്ഷണത്തിന്റെയും അതിപ്രസരം കൂടിയാകുമ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും ഭാരം കൂടാം. ഇതും സിസേറിയന് ഒരു കാരണമാണ്. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം