ഹരിപ്പാട്: ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം എ ) പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് യുവതിയുടെ ബന്ധുക്കൾ. മരിച്ച നീതുവിന്റെ പിതാവ് പീതാംബരൻ, ഭർത്താവ് സുധീഷ് എന്നിവരാണ് ഐ.എം എ യ്ക്കെതിരേ ആക്ഷേപവുമായി രംഗത്തെത്തിയത്.
ബന്ധുക്കളുടെ അനുമതി വാങ്ങിയാണ് നീതുവിന്റെ ഗർഭപാത്രം നീക്കം ചെയ്തതെന്നാണ് ഐ.എം.എയുടെ അവകാശവാദം. എന്നാൽ ഇത് ശരിയല്ലെന്ന് ബന്ധുക്കൾ പറയുന്നു. സിസേറിയനിൽ ചെറിയ പ്രശ്നമുണ്ടെന്നും ഒന്നുകൂടി വയർ തുറക്കണമെന്നുമാണ് വീട്ടുകാരെ അറിയിച്ചത്.
റീ ഓപ്പണ്‍ എന്ന വാക്കാണ് ഉപയോഗിച്ചത്. ഈ സമയത്ത് നീതുവിനെ വിദഗ്ദ്ധ ചികിത്സക്ക് മറ്റെവിടെയെങ്കിലും കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ നിസാര കാര്യമാണെന്നും താൻ തന്നെ കൈകാര്യം ചെയ്യാമെന്നുമാണ് ഡോക്ടർ അറിയിച്ചത്. തുടർന്നാണ് റീ ഓപ്പണിംഗിന് സമ്മതിച്ച് ഒപ്പിട്ടു കൊടുത്തത്.
അപ്പോഴും ഗർഭപാത്രം നീക്കണമെന്നുള്ള കാര്യം പറഞ്ഞിരുന്നില്ല. നീതുവിനെ വണ്ടാനം മെഡിക്കൽ കോളേജിൽ കൊണ്ടുപോകണമെന്ന് രാത്രി ഒരു മണിയോടെയാണ് പറഞ്ഞത്. എന്നാൽ ആംബുലൻസിൽ കയറ്റി വണ്ടാനത്തേക്ക് അയച്ചത് പുലർച്ചെ രണ്ടോടെയാണ്.