വിവാഹത്തിന് സര്ക്കാരില് നിന്ന് ധനസഹായം ലഭിക്കുന്ന സ്ത്രീകളുടെ യോഗ്യത പരിശോധിക്കാനായി ഗര്ഭ പരിശോധന നടത്തി മധ്യപ്രദേശ് സര്ക്കാര്
മധ്യപ്രദേശിലെ ദിന്ദോരി ജില്ലയിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി കന്യാദാന് യോജനയുടെ ഭാഗമായി നടത്തുന്ന സമൂഹ വിവാഹത്തിലാണ് ഗര്ഭ പരിശോധന നടന്നത്.
പദ്ധതി വഴി വിവാഹിതരാകാന് 219 യുവതികളുടെ അപേക്ഷ ലഭിച്ചിരുന്നു. എന്നാല് വിവാഹ സമയത്ത് ചില യുവതികളുടെ പേര് പട്ടികയില് ഇല്ലാതെ വന്നു.
പ്രസവ പരിശോധന നടത്തിയതിന് ശേഷം ഇവരെ ഒഴിവാക്കി എന്നാണ് ആരോപണം. ഈ പദ്ധതിയിലൂടെ വിവാഹിതരാകുന്നവര്ക്ക് 55,000 രൂപ സര്ക്കാര് അനുവദിക്കുന്നുണ്ട്.
ഇതില് 49,000 നല്കുന്നത് വധുവിനാണ്. 6,000 വിവാഹ ചടങ്ങുകള്ക്കും നല്കും. താന് ഈ പദ്ധതിയില് പേര് നല്കിയിരുന്നെന്നും ഇതിന് ശേഷം ഒരു ഹെല്ത്ത് സെന്ററില് വെച്ച് തന്റെ പ്രഗ്നന്സി ടെസ്റ്റ് നടത്തിയെന്നും ഒരു യുവതി വെളിപ്പെടുത്തി.
ടെസ്റ്റ് പോസിറ്റീവ് ആയതോടെ, പട്ടികയില് നിന്ന് തന്റെ പേര് വെട്ടിയെന്നും ഇവര് പറഞ്ഞു. മെഡിക്കല് ടെസ്റ്റിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നില്ലെന്ന് മറ്റൊരു പെണ്കുട്ടി വ്യക്തമാക്കി.
വിവാഹത്തിന് ഒരുങ്ങിയെത്തിയപ്പോഴാണ് തന്റെ പേര് പട്ടികയില് ഇല്ലെന്ന് മനസ്സിലാക്കിയതെന്നും പെണ്കുട്ടി പറഞ്ഞു.
സംഭവത്തില് രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് രംഗത്തെത്തി. ഇത് സ്ത്രീത്വത്തെ അധിക്ഷേപിക്കലാണ് എന്ന് കോണ്ഗ്രസ് വിമര്ശിച്ചു.
ഇത്തരത്തില് പരിശോധന നടത്താന് സര്ക്കാര് നിര്ദേശം നല്കിയിട്ടുണ്ടങ്കില് അത് പൊതുസമൂഹത്തിന് മുന്നില് വെളിപ്പെടുത്തണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞവര്ഷം നടത്തിയ സമൂഹ വിവാഹത്തില് പങ്കെടുത്ത സ്ത്രീകളില് ചിലര് ഗര്ഭിണികള് ആയിരുന്നെന്നും അതുകൊണ്ടാണ് ഇത്തവണ പരിശോധന നടത്തിയത് എന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് പറയുന്നത്.
അതേസമയം, ഗര്ഭ പരിശോധന നടത്തണമെന്ന് മുകളില് നിന്ന് ലഭിച്ച ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ദിന്ദോരി ചീഫ് മെഡിക്കല് ഓഫീസര് പറയുന്നത്.