സാധാരണ സ്ത്രീകളിൽ പലരും ഗർഭിണിയാണെന്നു തിരിച്ചറിയുന്ന നിമിഷം മുതൽ ആരോഗ്യകാര്യത്തിലും നടപ്പിലും കിടപ്പിലുമെല്ലാം അതീവശ്രദ്ധ പുലർത്തുന്നവരാണ്. ആയാസകരമായ കാര്യങ്ങളൊന്നും ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.
ക്ഷീണം, ഛർദി, ആഹാരത്തോടുള്ള വിരക്തി, ശാരീരിക അസ്വസ്ഥതകൾ എന്നിങ്ങനെ ഗർഭകാല പ്രശ്നങ്ങൾ നിരവധി. അപ്പോഴാണ് ഇവിടൊരു പെൺകുട്ടി തന്റെ പ്രസവത്തിന്റെ തലേദിവസം നല്ല തട്ടുപൊളിപ്പിൻ ഡാൻസ് നടത്തിയ കഥ പുറത്തുവരുന്നത്.
ഡാൻസിനിടയിൽ കൂട്ടാളികളുടെ മുകളിൽ കയറിനിന്നു ചില ജിംനാസ്റ്റിക് അഭ്യാസങ്ങളും കൂളായി ചെയ്തു. എന്നാൽ, അവൾ നിറഗർഭിണി ആയിരുന്നെന്നും പിറ്റേന്ന് ഒരു കുഞ്ഞിനു ജന്മം നൽകിയെന്നുമുള്ള കഥ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ജനം.
ആ വയറുവേദന
നോർത്ത് കരോലിനയിലെ ടെയ്ലിൻ നോർമാൻ എന്ന കൗമാരക്കാരിയാണ് കഥാപാത്രം. താൻ ഗർഭിണി ആയിരുന്നെന്ന യാഥാർഥ്യം ഈ പെൺകുട്ടിയും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
ചീയർ ലീഡറായ പെൺകുട്ടി പിറ്റേന്നു ശക്തമായ വയറുവേദനയുമായി ആശുപത്രിയലെത്തിയപ്പോഴാണ് താൻ പൂർണഗർഭിണിയാണെന്നും പ്രസവത്തിന്റെ വക്കിലാണെന്നും തിരിച്ചറിയുന്നത്.
കടുത്ത വയറുവേദനയും ഛർദ്ദിയും രക്തസ്രാവവും മൂലമാണ് ടെയ്ലിൻ ഉറക്കമുണർന്നത്. ഈ അസ്വസ്ഥതകൾ ആർത്തവത്തിന്റേതാകുമെന്നാണ് അവൾ ആദ്യം കരുതിയത്.
പക്ഷേ, വേദന കൂടി വന്നതോടെ അമ്മയെ വിളിച്ചു. ഉടൻ ആശുപത്രിയിലെത്തി. അവിടെ നടത്തിയ പരിശോധനയിലാണ് പതിനൊന്നു മണിക്കൂറായി അനുഭവിച്ചുകൊണ്ടിരിക്കുന്നതു പ്രസവവേദനയാണെന്നും കുഞ്ഞ് എപ്പോൾ വേണമെങ്കിലും പുറത്തുവരാമെന്നും അവൾ അറിയുന്നത്.
കാമുകനും ഞെട്ടി
2019 ഡിസംബർ 31നാണ് ഈ വിചിത്ര പ്രസവത്തിന്റെ കഥ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ടെയ്ലിൻ. ഗർഭിണിയാണെന്നറിയാതെ കുഞ്ഞുണ്ടാകുന്നതിന്റെ തലേ ദിവസവും ചീർലിഡിംഗ് നൃത്തവും ജിംനാസ്റ്റിക്കുമൊക്കെ ചെയ്ത് അവൾ അടിപൊളിയാക്കി, ആ ദിവസം കൂട്ടുകാരുമൊത്ത് എടുത്ത സെൽഫി ടെയ്ലിൻ യൂട്യൂബിൽ തന്റെ കഥ പറയുന്നതിനിടെ പങ്കവെച്ചിരുന്നു.
അതുകണ്ടാൽ എല്ലാവരും സംശയിക്കും ഇവൾ ഗർഭിണിയാണോ? കാരണം വയറുകണ്ടാൽ തോന്നുകേയില്ല. ടെയ്ലിന്റെ പ്രസവ വാർത്തയറിഞ്ഞു മാതാപിതാക്കൾക്കൊപ്പം കാമുകൻ ബ്രൈസണും ഞെട്ടി.
ടെയ്ലിൻ താൻ അമ്മയായി എന്നു മെസേജ് അയച്ചപ്പോൾ തന്നെ പറ്റിക്കാൻ പറയുന്നതായിരുക്കുമെന്നാണ് ബ്രൈസണ് കരുതിയത്. അപ്പോഴതാ ആൺ കുഞ്ഞിന്റെ ചിത്രം സഹിതം അടുത്ത മെസേജ്.
ലക്ഷണങ്ങളില്ല
ചിലർക്കു ഗർഭകാല ലക്ഷണങ്ങളുണ്ടാകും ചിലർക്കു ലക്ഷണങ്ങളുണ്ടാകില്ല. എനിക്ക് ഒന്പതു മാസവും ആർത്തവം കൃത്യമായി വരാറുണ്ടായിരുന്നു.
ഇടയ്ക്കു ശരീര ഭാരം വർധിച്ചിരുന്നു. അതു തൈറോയിഡിന്റേതാകുമെന്നു കരുതി. കുഞ്ഞ് ഗർഭപാത്രത്തിന്റെ അങ്ങേയറ്റത്തു കിടന്നിരുന്നതിനാലാണ് വയർ അധികം പുറത്തേക്കു തോന്നാതിരുന്നത് – ഇവൾ പറയുന്നു. എന്തായാലും അമ്മയും കുഞ്ഞും ഇപ്പോൾ മാധ്യമങ്ങളിൽ താരങ്ങളാണ്.