ഗാന്ധിനഗർ: 14 വയസുകാരിയെ ഗർഭിണിയാക്കിയത് ആരെന്ന് ഇന്നറിയാം. വിദ്യാർഥിനി കോട്ടയം മെഡിക്കൽ കോളജിലെ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ.
പാന്പാടി സ്വദേശിനിയായ 14 വയസുകാരി പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്നു മാതാവ് പാന്പാടിയിലെ ഹെൽത്ത് സെന്ററിൽ എത്തിച്ചിരുന്നു.
അവിടെനിന്നും ഡോക്ടർ കോട്ടയം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്നുള്ള വിവരം മനസിലാക്കുന്നത്.
മെഡിക്കൽ കോളജ് അധികൃതർ ചൈൽഡ് ലൈൻ വിഭാഗത്തിലും അവിടെനിന്നും പോലീസിലും വിവരം അറിയിച്ചു. ആരോഗ്യ സ്ഥിതി തൃപ്തികരമല്ലാത്തതിനാൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് പെണ്‍കുട്ടി.
പാന്പാടി പോലീസ് മെഡിക്കൽ കോളജിലെത്തി കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്തു. അനാരോഗ്യം കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ മൊഴി ഇന്നു പകൽ രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചു പോയത്. ഒരു സഹോദരനുണ്ട്.
മാതാവ് പകൽ ജോലിക്കു പോകുന്പോൾ പെണ്‍കുട്ടിയും ഇളയ സഹോദരനും വീട്ടിൽ തനിച്ചാണ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.