ഗാന്ധിനഗർ: പീഡനത്തിനിരയായ പതിനാലുവയസുകാരി വിദ്യാർ ഥിനി ജന്മം നൽകിയ നവജാത ശിശുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പെണ്‍കുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.പാന്പാടി സ്വദേശിനിയായ പെണ്‍കുട്ടിയെ വയറുവേദനയെതുടർന്ന് ഞായറാഴ്ചയാണ് അമ്മ പാന്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
രക്തസ്രവം രൂക്ഷമായതോടെ പെണ്‍കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി നാലു മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്.തുടർന്നു ചികിത്സ നൽകി വരുന്നതിനിടെ അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗർഭസ്ഥശിശുവാണ് മരിച്ചത്.
മെഡിക്കൽ കോളജിൽനിന്ന് ചൈൽഡ് ലൈൻ വിഭാഗത്തിലും പോലീസിനും വിവരം കൈമാറി. ഞായറാഴ്ച രാത്രി തന്നെ പാന്പാടി പോലീസ് ഗൈനക്കോളജി വിഭാഗത്തിൽ എത്തിയെങ്കിലും പെണ്‍കുട്ടി ലേബർ റൂമിൽ ആയിരുന്നതിനാൽ കൃത്യമായ മൊഴി രേഖപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. മാതാവിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് പോലീസ് മടങ്ങി.
ഇന്നലെയാണ് പെണ്‍കുട്ടിയുടെ ഉദരത്തിൽനിന്നും കുട്ടിയെ പുറത്തെടുത്തത്. മൃതദേഹത്തിൽ നിന്ന് ഡിഎൻഎ പരിശോധനയ്ക്കുള്ള സാംന്പിൾ ശേഖരിച്ചു. ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.
പോലീസ് പറയുന്നതിങ്ങനെ:-
അമ്മയും ഇളയ സഹോദരനും ചേരുന്നതാണ് പെണ്‍കുട്ടിയുടെ കുടുംബം. പിതാവ് നേരത്തെ മരിച്ചതാണ്. മാതാവിനു ഫാക്്ടറിയിലായിരുന്നു തൊഴിൽ. ലോക്ക്ഡൗണിനെ തുടർന്നു മാതാവിന്റെ തൊഴിൽ നഷ്്ടപ്പെട്ടു. തുടർന്നു 14കാരി പെണ്‍കുട്ടിയും സഹോദരനും കരകൗശല വസ്തുക്കൾ നിർമിച്ച് വീടുകളിലും കടകളിലും കയറി വിറ്റു വരികയായിരുന്നു.
ഏപ്രിലിൽ സഹോദരൻ ഒപ്പമില്ലാതിരുന്ന ദിവസമാണ് പീഡനം നടന്നത്. പെരുമാനൂർ കുളം കവലയിൽനിന്നും മണർകാട് കവലയിലേക്കു വിൽപ്പന സാധനങ്ങളുമായി പെണ്‍കുട്ടി നടന്നു പോവുകയായിരുന്നു. ചുവന്ന കാറിലെത്തിയ മധ്യവയസ്കനായ ആൾ പെണ്‍കുട്ടിയിൽ നിന്നും വസ്തുക്കൾ വാങ്ങി.
പണം കയ്യിലില്ലെന്നും വീട്ടിൽനിന്നും എടുത്തു തരാമെന്നു ഇയാൾ പറഞ്ഞു.കാറിൽ കയറാൻ മടിച്ച പെണ്‍കുട്ടിയോട് തന്റെ വീട്ടിൽ ഭാര്യയും മകളുമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അവിടെനിന്നും തിരുവഞ്ചൂർ ഭാഗത്തേക്കു കാറോടിച്ചു പോയ ആൾ ഇടയിൽ ഹോട്ടലിൽനിന്നും ഭക്ഷണവും വാങ്ങി നൽകി.
പിന്നീട് പെണ്‍കുട്ടിയെ കാറിൽ ഇരുത്തിയ ശേഷം ചോക്ലേറ്റും ജ്യൂസും വാങ്ങി. ഇതു നിർബന്ധിച്ചു കുടിപ്പിച്ച ശേഷം കാർ വിട്ടു പോയി. പിന്നീട് താൻ ഉറങ്ങിപ്പോയെന്നും ബോധം വന്നപ്പോൾ വൈകുന്നേരം അഞ്ചായെന്നും പെണ്‍കുട്ടി പറയുന്നു. അപ്പോൾ കാർ മണർകാട് കവലയിലായിരുന്നു. തുടർന്നു പണവും വാങ്ങി ബസിൽ കയറി വീട്ടിലേക്കു പോന്നു.
പിറ്റേന്നു അടിവയറ്റിൽ വേദനയുണ്ടായിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. ഞായറാഴ്ച അതിശക്തമായ വയറുവേദനയും രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തുന്നതെന്നു കുട്ടി മൊഴി നൽകി. പോക്സോ നിയമപ്രകാരം പാന്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എൽ. സജിമോന്റെ മേൽനോട്ടത്തിൽ പാന്പാടി, മണർകാട് പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാറിൽ കയറ്റിക്കൊണ്ടു പോയി മയക്കുമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച മധ്യവയസ്കനായുള്ള തെരച്ചിൽ പുരോഗമിക്കുന്നു.