ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു; നഴ്സി നെതിരെ കുടുംബം

മലപ്പുറം പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനി റുക്സാനയുടെ ആരോഗ്യ നില മെച്ചപ്പെട്ടു.

യുവതി അപകടനില തരണം ചെയ്തതായും ഗര്‍ഭസ്ഥ ശിശുവിന്  പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 

യുവതിക്ക് രക്തക്കുറവുള്ളതിനാല്‍ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. എന്നാൽ വ്യാഴാഴ്ച  രക്തം കയറ്റുന്നതിനിടയിൽ മാറിപ്പോവുകയായിരുന്നു. 

 പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടര്‍ എത്തി  പരിശോധിച്ചപ്പോഴാണ് രക്തം മാറി നല്‍കിയതെന്ന് മനസിലായത്.

ഉടൻ തന്നെ യുവതിയെ തൃശൂര്‍ മെ‍ഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം രക്തം മാറി നല്‍കിയ നഴ്സിനെതിരെ യുവതിയുടെ കുടുംബം നടപടി ആവശ്യപ്പെട്ടു.

 

Related posts

Leave a Comment