സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാലു മാസത്തോളം വളർച്ച തോന്നുന്ന ഭ്രൂണം വലിയതുറ കടൽപ്പാലത്തിനു സമീപമുള്ള കാടുപിടിച്ച പ്രദേശത്തു നിന്ന് കണ്ടത്തി.
ഇന്നലെ വൈകുന്നേരത്തോടെയാണ് വലിയതുറ കടൽപാലത്തിന് സമീപത്തെ തുറമുഖ വകുപ്പിന്റെ ഗോഡൗണ്‍ സമീപത്തു ചോരകുഞ്ഞിനെ വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നാലു മാസത്തോളം വളർച്ച തോന്നുന്ന ഭ്രൂണമാണ് ഉപേക്ഷിച്ചതെന്നു വ്യക്തമായത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ പ്രദേശത്തു താമസിക്കുന്ന യുവതിയെ പോലീസ് വൈദ്യപരിശോധനക്കായി തൈയ്ക്കാട് സർക്കാർ ആശുപത്രിയിലെക്ക് മാറ്റി.
തുടർ പരിശോധനകൾക്കായി രാത്രിയോടെ ഇവരെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും മാറ്റി. ദുരിതാശ്വാസ ക്യാന്പിൽ താമസിക്കുന്ന യുവതിയാണെന്നും സൂചനയുണ്ട്.
സംഭവത്തെ കുറിച്ചു വിശദ അന്വേഷണം ആവശ്യമായതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ലെന്നു വലിയതുറ പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം ശേഖരിച്ചു കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
കടലാക്രമണത്തിൽ വീടുകൾ നഷ്ടമായ കുടുബങ്ങൾ മാസങ്ങളായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നുണ്ട്.