ഭോപ്പാൽ: കൈക്കൂലി നൽകാൻ പണം കൈവശമില്ലാത്തതിന്റെ പേരിൽ ആശുപത്രിയിൽ നിന്നും ജീവനക്കാർ ഇറക്കി വിട്ട യുവതി പ്രായമാകാത്ത കുഞ്ഞിനെ വഴിയരികിൽ പ്രസവിച്ചു. മധ്യപ്രദേശിൽ ബിന്ദ് ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവം.
ബിന്ദിലെ രാജുപുര സ്വദേശിനിയായ ആറ് മാസം ഗർഭിണിയായ യുവതിയെ ആണ് കഠിനമായ പ്രസവവേദനയെ തുടർന്ന് ഭർത്താവും അമ്മയും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെ ചികിത്സ ലഭിക്കണമെങ്കിൽ 5,000 രൂപ നൽകണമെന്ന് ജീവനക്കാർ ഇവരെ അറിയിച്ചു.
കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ വേറെ എവിടെയെങ്കിലും പോയി അൾട്രാസൗണ്ട് ചെയ്യാൻ ജീവനക്കാർ ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രി വിട്ട ഉടൻതന്നെ യുവതി പ്രസവിക്കുകയായിരുന്നു.
സംഭവത്തിൽ ഇടപെട്ട ജില്ലാ ഭരണകൂടം, അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.