ഇടുക്കി: വനിതാ ഹോസ്റ്റലിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ കാമുകന് സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു. തനിയെയാണ് കൃത്യം നടത്തിയിരിക്കുന്നതെന്നാണ് യുവതി പോലീസിനു പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി.
ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്താനാണ് പോലീസ് വിശദമായി അന്വേഷിക്കുന്നത്. സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥയായ മൂലമറ്റം വടക്കേടത്ത് അമലു ജോർജി(27)നെയാണ് കട്ടപ്പന പോലീസ് ഇന്നലെ അറസ്റ്റ്് ചെയ്തത്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതിയെ ആശുപത്രിയിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ കട്ടപ്പനയിലെത്തിച്ച യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ച വനിത ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
എല്ലാം മറച്ചുവച്ചു!
ബാങ്കിൽ കാഷ്യറായി ജോലി നോക്കുകയായിരുന്നു അവിവാഹിതയായ യുവതി. ഇതേ ബാങ്കിലെ ഉദ്യോഗസ്ഥനായ സഹപ്രവർത്തകനിൽ നിന്നാണ് യുവതി ഗർഭിണിയായത്.
ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മൂന്നു മാസം കഴിഞ്ഞാണ് താൻ ഗർഭിണിയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. അബോർഷൻ ചെയ്യാനുള്ള സാധ്യത മങ്ങിയതോടെ ഗർഭിണിയാണെന്ന വിവരം വീട്ടുകാരിൽ നിന്നും സഹ പ്രവർത്തകരിൽ നിന്നും മറച്ചു വച്ചു.
ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. കഴിഞ്ഞ 21ന് പുലർച്ചെ പ്രസവ വേദന എടുത്തതോടെ ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. തുടർന്ന് ഹോസ്റ്റലിലെ കുളിമുറിയിൽ യുവതി പ്രസവിച്ചു.
കുഞ്ഞ് പുറത്തു വന്നതോടെ പൊക്കിൾ കൊടി അറുത്തുമാറ്റി തുണിയിൽ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസിനു നൽകിയ മൊഴി.
പ്രസവ സമയത്ത് കുഞ്ഞിന് ജീവനില്ലായിരുന്നെന്നാണ് യുവതിയുടെ ആദ്യ മൊഴി. എന്നാൽ ഇത് തെറ്റാണെന്ന് പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു . ഈ റിപ്പോർട്ടാണ് കേസിൽ നിർണായകമായത്. യുവതി ഗർഭിണിയാണെന്ന് വിവരം കാമുകനും അറിയാമായിരുന്നു.
കട്ടപ്പന ഡിവൈഎസ്പി എൻ.സി.രാജ്മോഹൻ, സിഐ വിശാൽ ജോണ്സണ്, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.