ചങ്ങരംകുളം: യുവതി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും കള്ളക്കേസെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു. ചങ്ങരംകുളം പൗരസമിതി ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ മുജീബ് കോക്കൂരിന്റെ ഭാര്യ സാബിറയാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സ്വന്തം വീട്ടിൽ വൈദ്യസഹായമില്ലാതെ പ്രസവിച്ചത്. വിവരമറിഞ്ഞു ആലംകോട് പഞ്ചായത്ത് ആരോഗ്യവകുപ്പ് യുവതിയുടെ വീട്ടിൽ വരികയും ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് യുവതിയും കുടുംബവും കഴിഞ്ഞ ദിവസം ചങ്ങരംകുളത്ത് വാർത്താസമ്മേളനം വിളിച്ചിരുന്നു.
പ്രകൃതി ചികിൽസാ രീതി പ്രകാരം കഴിഞ്ഞ പത്തു വർഷമായി വൈദ്യസഹായമില്ലാതെ ജീവിച്ചുപോരുന്ന മുജീബിനെയും കുടുംബത്തെയും മന:പൂർവം ഭീഷണിപ്പെടുത്തി കള്ളക്കേസെടുത്തതിനു പിന്നിൽ ഗൂഢലക്ഷ്യമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വീട്ടിൽ വന്നു യാതൊരു വിധത്തിലുളള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാത്ത യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ നിർബന്ധിക്കുകയും അവഹേളിക്കുന്ന വിധത്തിൽ വീട്ടിലെ അതിഥികൾക്കു മുന്നിൽ സംസാരിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ പരാതി. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കും.
യുവതിക്ക് ചികിൽസ നിഷേധിച്ചതിനു കേസെടുക്കുകയും ചെയ്യുമെന്ന ആരോഗ്യ വകുപ്പിന്റെ ഭീഷണിക്കെതിരെ കണ്ടാൽ അറിയാവുന്ന 15 ഓളം പേർക്കെതിരെ സാബിറയും കുടുംബവും ചങ്ങരംകുളം പോലീസിനും സംസ്ഥാന വനിതാ കമ്മീഷനും ശിശുക്ഷേമ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. മനുഷ്യരുടെ നിയമപരമായ സ്വാതന്ത്ര്യത്തെ നിഷേധിച്ച് ആശുപത്രികളുടെയും അലോപ്പതിയുടെയും സഹായം അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന ആരോഗ്യ വകുപ്പിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാനും തീരുമാനിച്ചതായി സാബിറയും ഭർത്താവ് മുജീബ് കോക്കൂരും പറഞ്ഞു.
വാക്സിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പ് തയാറാവാത്തതു മൂലമാണ് തങ്ങളുടെ മറ്റു രണ്ടു കുട്ടികളിൽ വാക്സിൻ കുത്തിവയ്പെടുക്കാൻ തങ്ങൾ തയാറാകാതിരുന്നതെന്നും ഇതിനുള്ള പ്രതികാര നടപടിയാണ് തങ്ങളോടു ആരോഗ്യ വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ കോടികൾ കൊയ്യുന്ന മെഡിക്കൽ വിഭാഗത്തെ സഹായിക്കുന്നതിനാണ് മരുന്നു കഴിക്കാതെയും അസുഖങ്ങളില്ലാതെയും സ്വസ്ഥമായി ജീവിക്കുന്നവർക്കെതിരെയുള്ള ആരോഗ്യവകുപ്പിന്റെ കടന്നു കയറ്റം എന്നാരോപിച്ച് ചില കൂട്ടായ്മകളും രംഗത്തെത്തിയതോടെ സംഭവം വിവാദമായിരിക്കുകയാണ്. സാബിറ കൈകുഞ്ഞുമായാണ് കുടുംബത്തോടൊപ്പം വാർത്താ സമ്മേളനത്തിനെത്തിയത്. ലാബ് ടെസ്റ്റ് നടത്തി ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന രേഖയുമായാണ് കുടുംബം മാധ്യമപ്രവർത്തകരെ കണ്ടത്.