ഇടുക്കി: ബാങ്ക് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച നവജാത ശിശു കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെകുറിച്ച് പോലീസിന് സൂചന ലഭിച്ചു.
യുവതിയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്ന യുവാവ് പോലീസ് നിരീക്ഷണത്തിലാണ്. യുവതിയുടെ മൊഴിയെടുത്ത ശേഷം ഇയാളെ വേണ്ടി വന്നാൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം നടന്ന ഹോസ്റ്റൽ മുറിയിൽ നിന്നും ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് യുവതി ഒറ്റക്കാണെന്നാണ് പോലീസിന്റെ നിഗമനം.
എന്നാൽ ജനിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്താൻ ആരെങ്കിലും നിർദേശം നൽകിയിരുന്നോ എന്നത് കണ്ടെത്തണമെന്നും പോലീസ് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൻ ഇന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കട്ടപ്പനയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിൽ അവിവാഹിതയായ യുവതി കുഞ്ഞിനു ജൻമം നൽകിയത്.
യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന സഹോദരിയ്ക്കും ഹോസ്റ്റലിലെ മറ്റ് അന്തേവാസികൾക്കും അറിയില്ലായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതി ഗർഭാവസ്ഥ മറച്ചു വച്ച് ജോലിക്കും പോയിരുന്നു.
പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നാണ് യുവതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ തലയിൽ മുറിവും കണ്ടെത്തിയതോടെയാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചത്.