ഏറ്റുമാനൂർ: പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച പൂർണ ഗർഭിണിയെ ആക്ഷേപിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്തതായി പരാതി. ചികിത്സ നിഷേധിക്കപ്പെട്ട യുവതിയുടെ ഭർത്താവ് ഏറ്റുമാനൂർ പുത്തൻപുരയ്ക്കൽ അനീഷ് എൻ.ജോർജ് ഇതുസംബന്ധിച്ച് മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഗാന്ധിനഗർ പോലീസിലും പരാതി നൽകി. മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്കും ഇന്ന് പരാതി നൽകും.
അനീഷിന്റെ ഭാര്യ രജനിമോളെ(35) ഇന്നലെ രാവിലെ 11നാണ് മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ എത്തിച്ചത്.ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറും നഴ്സുമാരും രജനിമോളെ ആക്ഷേപിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്തതായാണ് അനീഷ് പരാതിയിൽ പറയുന്നത്. നിന്റെ മറ്റു കുട്ടികളുടെ പ്രസവം സ്വകാര്യാശുപത്രിയിലല്ലേ നടത്തിയത്.ഇപ്പോൾ കൈയിൽ കാശില്ലാഞ്ഞിട്ടല്ലേ ഇങ്ങോട്ട് പോന്നത് എന്ന് ഡോക്ടറും നഴ്സുമാരും ചോദിച്ചതായി അനീഷ് പറയുന്നു.
ആരും തന്നെ ശ്രദ്ധിക്കുന്നേയില്ലെന്നു കണ്ടതോടെ രജനിമോൾ നിലവിളിച്ചു കൊണ്ട് പുറത്തു വരികയും അവിടെ ഉണ്ടായിരുന്നവരുടെ സഹായത്തോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കാരിത്താസ് ആശുപത്രിയിൽ എത്തിച്ച് 15 മിനിറ്റിനകം യുവതി പ്രസവിക്കുകയും ചെയ്തു.
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന അനീഷും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്. രജനിമോൾക്ക് പ്രസവവേദന ആരംഭിക്കുന്പോൾ അനീഷ് പണിക്ക് പോയിരിക്കുകയായിരുന്നു. പ്രായമാകാത്ത മൂന്നു കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒരു അയൽവാസിയാണ് രജനിമോളെ ആശുപത്രിയിൽ എത്തിച്ചത്.
മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർധനരായ തങ്ങൾക്ക് സ്വകാര്യാശുപത്രിയിലെ ചികിത്സ വഴി ഉണ്ടായ സാന്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.