ഗര്‍ഭിണികളായെ സ്ത്രീകള്‍ക്ക് ആമസോണില്‍ നേരിടേണ്ടി വരുന്നത് കടുത്ത പീഡനങ്ങള്‍ ! പരാതിയുമായി രംഗത്തെത്തിയത് ഏഴു സ്ത്രീകള്‍…

ആമസോണ്‍ കമ്പനിയില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളെന്ന് പരാതി. ഗര്‍ഭിണിയായി എന്ന കാരണത്താല്‍ ഒരു യുവതിയെ കമ്പനി ഗോഡൗണിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായാണ് വിവരം.ഇക്കാര്യം പറഞ്ഞ് നല്‍കിയ കേസിന്റെ ചുവടുപിടിച്ചു നല്‍കിയ അന്വേഷണം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നു. ഏഴു പേരാണ് ഇത്തരം ആരോപണം കമ്പനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കക്കാരിയായ ബെവര്‍ലി റോസെയ്ല്‍സ് ( Beverly Rosales) കമ്പനിക്കെതിരെ നല്‍കിയ പരാതിയാണ് ഇത്തരം മുന്‍ കേസുകളുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രേരണയായത്.

കഴിഞ്ഞ ഒക്ടോബറില്‍ താന്‍ ഗര്‍ഭിണിയായപ്പോള്‍ അതിനെപ്പറ്റി ആദ്യം അറിയിക്കേണ്ടയാള്‍ ആമസോണിലെ തന്റെ മാനേജരാണല്ലോ എന്നോര്‍ത്താണ് ബെവര്‍ലി അദ്ദേഹത്തോട് കാര്യം പറഞ്ഞത്. ബെവര്‍ലിക്ക് ഫുള്‍ഫില്‍മെന്റ് സെന്ററില്‍ പത്തു മണിക്കൂര്‍ ജോലിയാണ്. തനിക്കിനി ഇടയ്ക്ക് അല്‍പം വിശ്രമമൊക്കെ വേണമായിരിക്കുമല്ലോ എന്ന ചിന്ത കാരണമാണ് മാനേജരോട് പറയാന്‍ തീരുമാനിച്ചത്. ഇത്ര ആയാസമില്ലാത്ത മറ്റൊരു വിഭാഗത്തിലേക്ക് തന്നെ മാറ്റിയിരുന്നെങ്കില്‍ എന്നും അവര്‍ ആഗ്രഹിച്ചു.

മാനേജര്‍ക്ക് ഇക്കാര്യം ഇഷ്ടപ്പെടുമോയെന്ന പേടിയും ബെവര്‍ലിയ്ക്കുണ്ടായിരുന്നു. തന്റെ പേടി ശരിയായിരുന്നുവെന്ന് അവര്‍ക്കു പിന്നീടു മനസ്സിലായി. ബാത്ത്റൂമിലും മറ്റുമായി പണി മിനക്കെടുത്തുന്നതിനുള്ള ശകാരം കിട്ടി തുടങ്ങി. അധികം താമസിയാതെ താന്‍ രണ്ടു വര്‍ഷമായി പണിയെടുത്തിരുന്ന കലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാഡിനോയിലുള്ള ഗോഡൗണില്‍ നിന്ന് പുറത്താക്കി എന്നാണ് ബെവര്‍ലി പറയുന്നത്. ഗര്‍ഭിണിയാണെന്നു പറഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ തന്റെ പണി പോയി എന്നാണ് പരാതിയില്‍ പറയുന്നത്. മണിക്കൂറിന് 15 ഡോളറായിരുന്നു ബെവര്‍ലിയുടെ കൂലി.

അവരിപ്പോള്‍ കമ്പനിക്കെതിരെ കേസു കൊടുത്തിരിക്കുകയാണ്. എന്നാല്‍, ഇത്തരം ആറു കേസുകള്‍ കൂടെ മാധ്യമപ്രവര്‍ത്തകര്‍ ചികഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍, ഇവ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ നടന്നവയാണ്. ഇവയില്‍ ആറു കേസുകളും കോടതിക്കു വെളിയില്‍ തീര്‍പ്പാക്കുകയും ചെയ്തു. ഇതേക്കുറിച്ച് ആമസോണ്‍ പറയുന്നത് ഗര്‍ഭിണിയായി എന്ന കാരണത്താല്‍ ആരെയും പറഞ്ഞുവിട്ടിട്ടില്ല എന്നാണ്. ആ കാരണത്താല്‍ പറഞ്ഞു വിട്ടുവെന്നത് പൂര്‍ണ്ണമായും നുണയാണ് എന്നാണ് കമ്പനി ബിബിസിയോട് പറഞ്ഞത്.

തുല്യാവകശാം ഉറപ്പാക്കുന്ന തൊഴില്‍ ദാതാവാണ് തങ്ങളെന്നും ആമസോണ്‍ പ്രതികരിച്ചു. ജോലിക്കാരുടെ എല്ലാ ചികിത്സാ സംബന്ധിയായ കാര്യങ്ങളും ഗര്‍ഭധാരണം അനുഭാവപൂര്‍ണ്ണമായാണ് പരിഗണിക്കുക എന്നാണ് അവര്‍ പറയുന്നത്. കുട്ടികളുണ്ടാകുന്ന മാതാപിതാക്കള്‍ക്ക് മറ്റേണിറ്റി ലീവുകളും പാരെന്റല്‍ ലീവുകളും നല്‍കുന്നുവെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, കോടതിക്കു വെളിയില്‍ തീര്‍പ്പുകല്‍പ്പിച്ച കേസുകളെക്കുറിച്ച് പ്രത്യേകമായി ഒന്നും സംസാരിക്കാന്‍ ആമസോണ്‍ തയാറായില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവു ഹാജരാക്കുന്നുണ്ടെങ്കില്‍ മാത്രമെ അന്വേഷണം നടത്തൂവെന്നും കമ്പനി പറഞ്ഞു.

ആമസോണിന്റെ ഗോഡൗണുകളിലെ ജോലിക്കാര്‍ക്കു നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് ഇതാദ്യമായല്ല. ദശലക്ഷക്കണക്കിന് ഓര്‍ഡറുകളാണ് അവര്‍ക്ക് ദൈനംദിനം പാക്കു ചെയ്യേണ്ടതായി വരുന്നത്. ഈ മേഖലയില്‍ കമ്പനിക്ക് 613,000 ജോലിക്കാരാണ് ഉളളത്. ക്രിസ്മസ് സമയത്ത് 100,000 താത്കാലിക ജോലിക്കാരെയും എടുക്കും. ഈ ആരോപണങ്ങളില്‍ അല്‍പമെങ്കിലും കഴമ്പുണ്ടെങ്കില്‍ ആമസോണിന്റെ പോക്കു ശരിയല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നിരുന്നാലും ഇത്രയധികം ആളുകള്‍ക്ക് ജോലി നല്‍കുന്ന കമ്പനിയ്ക്കു നേരെയുള്ള ആരോപണം ഗൗരവകരമായി തന്നെ പരിശോധിക്കണമെന്നാണ് എല്ലാവരും പറയുന്നത്.

Related posts