കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളെ പരിപാലിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിച്ച ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
നാല്‍പതോളം ഗര്‍ഭിണികള്‍ ഉണ്ടായിരുന്ന നാലാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരുന്ന ഇവരെ ഫലം പോസീറ്റിവായതോടെ പ്രത്യേക മുറിയിലേക്ക് മാറ്റി. ഇവരോടൊപ്പം വാര്‍ഡിലുണ്ടായിരുന്ന ചിലരെ മാത്രമാണ് കോവിഡ് പരിശോധനയ്ക്ക് അയച്ചതെന്നും നിരീക്ഷണത്തിലാക്കാന്‍ ആശുപത്രി വൃത്തങ്ങള്‍ തയാറായില്ലെന്നുമാണ് ആരോപണം.
ഇവരില്‍ ഭൂരിഭാഗം പേരെയും സിസേറിയനു വിധേയരാക്കുകയും മറ്റുള്ളവരെ വീടുകളിലേക്കു മടക്കി അയക്കുകയും ചെയ്തു. വ്യാഴാഴ്ച നാലാം വാര്‍ഡിലുണ്ടായിരുന്ന അമ്മയ്ക്കും വെള്ളിയാഴ്ച മറ്റൊരു ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു.
സിസേറിയനു വിധേയയാക്കിയ ഗര്‍ഭിണിയുടെ കോവിഡ് പരിശോധന ഫലം വരുന്നതിനുമുന്പ് വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഗര്‍ഭിണികള്‍ക്കായി ഒരുക്കിയ പ്രത്യേക വാര്‍ഡിലേക്കു മാറ്റിയിരുന്നു. ഉച്ചയോടെ ഇവരുടെ ഫലം പോസീറ്റിവായി.
ഇതിനുശേഷമാണ് ഇവരെ നിരീക്ഷണത്തിലേക്കു മാറ്റിയത്. കോവിഡ് പോസീറ്റിവാകുന്ന ഗര്‍ഭിണികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കുന്നില്ലെന്നാണ് ആരോപണം.
ഇതോടെ ഇവിടെ ജോലിയിലുണ്ടായിരുന്ന ഏതാനും ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.