സ്വന്തം ലേഖകൻ
തൃശൂർ: പ്രസവത്തിനിടെയുള്ള മാതൃമരണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി പുതിയ പദ്ധതികൾ വ്യാപിപ്പിക്കുന്നു. പെട്ടന്ന് അബോധാവസ്ഥയിലാകുന്ന ഗർഭിണികളെ സഹായിക്കാനും പരിചരിക്കാനും ഡോക്ടർമാർക്കൊപ്പം നഴ്സിംഗ് സ്റ്റാഫിനേയും പരിശീലിപ്പിക്കുന്ന ഒ.ആർ.ആർ.ടി എന്ന ഒബ്സ്റ്റെട്രിക് റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രോഗ്രാം ഇപ്പോൾ പ്രസവം നടക്കുന്ന അഞ്ഞൂറോളം ആശൂപത്രികളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു.
ഇപ്പോഴുള്ള മാതൃമരണ നിരക്ക് കുറയ്ക്കാനുള്ള വിപുലമായ പരിപാടികളും ബോധവത്കരണ പരിപാടികളും കെ.എഫ്.ഒ.ജി സർക്കാരുമായി സഹകരിച്ച് നടപ്പാക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.വർഷം ഒരു ലക്ഷം പ്രസവങ്ങളിൽ 42 മാതൃമരണങ്ങൾ എന്ന ഇപ്പോഴത്തെ കണക്ക് 30 എന്ന നിലയിലേക്ക് ചുരുക്കാൻ വിവിധ മാർഗങ്ങൾ ആവിഷ്കരിച്ചു വരികയാണ്.
കേരള സർക്കാരും ഐഎംഎയും കെഫ്ഒജിയും സംയുക്തമായി സർക്കാർ-സ്വകാര്യ ആശുപത്രികളിൽ താഴെതട്ടു മുതൽ ശാക്തീകരണം നടത്തി മാതൃമരണ നിരക്ക് തോത് കുറയ്ക്കാനാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ മാതൃമരണ നിരക്കുള്ള സംസ്ഥാനമെന്ന് അവകാശപ്പെടുന്പോഴും ഒഴിവാക്കാവുന്ന ഒരുപാട് മാതൃമരണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഗൈനക്കോളജിസ്റ്റുകളുടെ കേരള സംഘടനയായ കെഎഫ്ഒജിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നു.
മരണകാരണങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ചും പരിശോധിച്ചും കണ്ടെത്തി അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇനിയും ശക്തിപ്പെടണമെന്നാണ് ഗൈനക്കോളജിസ്റ്റുകൾ നിർദ്ദേശിക്കുന്നത്.മാതൃമരണത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ വിശകലനം ചെയ്യുന്ന സി.ആർ.എം.ഡി എന്ന് കോണ്‍ഫിഡൻഷ്യൽ റിവ്യൂ ഓഫ് മറ്റേർണൽ ഡെത്ത് എന്ന ബൃഹത്തായ സംരംഭം 2004 മുതൽ കെഎഫ്ഒജി നടത്തുന്നുണ്ട്.
മാതൃമരണങ്ങളുടേയും മരണം വരെ എത്താവുന്ന ഗുരുതരാവസ്ഥകളുടേയും കാര്യകാരണങ്ങളും പശ്ചാത്തലങ്ങളും ഇത്തരത്തിൽ വിശകലനം ചെയ്യുന്നുണ്ട്. കളക്ടറുടെ സാന്നിധ്യത്തിൽ ഇതിനായി ജില്ലാതലത്തിൽ പ്രസവം നടക്കുന്ന ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റിന്റെയും ഹോസ്പിറ്റൽ മാനേജ്മെന്റിന്റെയും പ്രതിനിധികൾ മറ്റേണൽ ഡെത്ത് നിയർ മിസ് സർവലൈൻസ് ആൻഡ് റെസ്പോണ്‍സ് എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ഒത്തു ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താറുണ്ടെന്ന് കെഎഫ്ഒജി പ്രതിനിധികൾ പറഞ്ഞു.
കോണ്‍ഫിഡൻഷ്യൽ റിവ്യൂ ഓഫ് മറ്റേർണൽ ഡെത്ത് വിശലകലനം കേരളത്തെ കൂടാതെ ബ്രിട്ടനും ദക്ഷിണാഫ്രിക്കയും നടത്തുന്നുണ്ട്. പ്രത്യേകമായ മരണകാരണങ്ങൾ, ഒഴിവാക്കാമായിരുന്ന മരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഗൈനക്കോളജിസ്റ്റുകളുടെ അസോസിയേഷനുകൾക്കും ആശുപത്രികൾക്കും കൈമാറി ഭാവിയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും കെഎഫ്ഒജി കൈക്കൊള്ളുന്നുണ്ട്.
പൊതുജനങ്ങൾക്ക് കൂടുതൽ ബോധവത്കരണം നടത്താനും പദ്ധതികളാവിഷ്കരിക്കുന്നുണ്ടെന്ന് കെഫ്ഒജിയുടെ തൃശൂർ ചാപ്റ്ററായ ദി തൃശൂർ ഒബ്സ്ട്രെറ്റിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി പ്രസിഡന്റും തൃശൂർ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടറുമായ പി.പി.രമേഷ്കുമാർ പറഞ്ഞു.