അതിസൂക്ഷ്മതോടെയാണ് ഗര്‍ഭിണികള്‍ ഗര്‍ഭകാലം ചെലവഴിക്കുന്നത്. ലേബര്‍റൂമിലേക്ക് പോകുമ്പോള്‍ ആശങ്കയുടെ പരകോടിയിലായിരിക്കും അവര്‍. ഭര്ത്താക്കന്മാരും വീട്ടുകാരും ആകാംഷയോടെ കാത്തിരിക്കുന്ന സമയത്ത് ആശുപത്രിയില്‍ നൃത്തം ചെയ്യുക എന്നു പറഞ്ഞാല്‍ അത് അസാധാരണ സംഭവം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.
പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രി മുറിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു പൂര്‍ണ്ണ ഗര്‍ഭിണിയുടെ നൃത്തം. സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കോഴിക്കോട് ചേവരമ്പലം സ്വദേശി സ്വാതി കൃഷ്ണയാണ് നൃത്തത്തിലൂടെ ശ്രദ്ധ നേടിയത്. പ്രസവത്തിന് തൊട്ടുമുന്‍പുള്ള ദിവസമായിരുന്നു നൃത്തം. രണ്ടുമാസം മുമ്പെടുത്ത ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നൃത്തം ചെയ്യണമെങ്കില്‍ ചെയ്തോളൂ എന്ന ഡോക്ടറുടെ വാക്കായിരുന്നു ആശുപത്രി മുറിയില്‍ നാലര മിനിറ്റ് നൃത്തം ചെയ്യാന്‍ ധൈര്യം നല്‍കിയത് എന്നാണ് നൃത്താധ്യാപിക കൂടിയായ സ്വാതി പറയുന്നത്. മകളുടെ ആഗ്രഹത്തെ പേടിയോടെ പിന്തുണച്ച അമ്മ തന്നെയാണ് നൃത്തം മൊബൈലില്‍ ചിത്രീകരിച്ചതും. ഗര്‍ഭകാലത്ത് മൂന്നാം മാസം വരെ സ്വാതി നൃത്തം ചെയ്തിരുന്നു. മകളേയും നര്ത്തകിയാക്കണമെന്നാണ് സ്വാതിയുടെ ആഗ്രഹം.