ജീവിതത്തിലെ ആനന്ദരമായ നിമിഷങ്ങൾ വരവേൽക്കുവാനൊരുങ്ങുന്പോൾ ആഹ്ലാദത്തിമിർപ്പിൽ നൃത്തം ചെയ്യുന്നത് ആദ്യ സംഭവമല്ല. എന്നാൽ തങ്ങളുടെ ജീവിതം അതിസന്തോഷകരമാക്കുവാൻ എത്തുന്ന കാണാകണ്മണിയെ വരവേൽക്കുവാനായി ഒരു പൂർണ ഗർഭിണി ഡോക്ടർക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ അന്പരപ്പോടെയും അതിലേറെ അത്ഭുതത്തോടെയും ആളുകൾ നോക്കി കാണുന്നു.
സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണ് സിസേറിയനു തൊട്ടുമുന്പ് ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഡോക്ടറിനൊപ്പം സന്തോഷത്താൽ ചുവടുവെച്ച ആ യുവതി. നിറവയറുമായി താനും ഒപ്പം ഡോക്ടറും നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച സംഗീത കുറിച്ചു.
“നൃത്തം ചെയ്യാനുള്ള ഒരു അവസരവും പാഴാക്കരുത്. അതും പുതിയൊരു ജീവനെ ഭൂമിയിലെത്തിക്കുക എന്ന വലിയൊരു കടമയാണ് നിങ്ങൾക്ക് നിറവേറ്റാനുള്ളതെങ്കിൽ ആഘോഷം നിർബന്ധമാണ്. ജീവിതം ആഘോഷിക്കാൻ നൃത്തത്തേക്കാൾ മികച്ച വഴി മറ്റെന്താണ്.?
അതിനായി എന്റെ കുഞ്ഞു മാലാഖയ്ക്കു വേണ്ടി ഞാനും എന്റെ സൂപ്പർ ടാലന്റഡ് ഡോക്ടർ വാണി ഥാപ്പറും ചേർന്ന് ചെയ്യുന്ന സ്വാഗത നൃത്തം ഇതാ. എന്റെ ഭ്രാന്തൻ നൃത്തത്തിന് കുട്ടു നിന്നതിന് നന്ദിയുണ്ട് ഡോക്ടർ. കാരണം നിങ്ങളുടെ പിന്തുണയില്ലെങ്കിൽ ഇത് നടക്കില്ലായിരുന്നു. എന്റെ ഭ്രാന്തൻ ആശയങ്ങൾക്ക് എന്നും പിന്തുണ നൽകുന്ന ഗൗതമിനും നന്ദി. ‘
സംഗീതയുടെ ഭർത്താവും നർത്തകനുമായ ഗൗതമാണ് രണ്ടു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞ ഈ വീഡിയോ പകർത്തിയത്. ലുധിയാനയിലെ സുമൻ ഹോസ്പിറ്റിലാണ് പ്രസവത്തിനായി സംഗീതയെ പ്രവേശിപ്പിച്ചിരുന്നത്.
സീ സെക്ഷന് രണ്ടും മിനിട്ടു മുന്പായിരുന്നു സംഗീതയുടെ ഈ നൃത്തം. സംഗീത ഒരു പെണ്കുഞ്ഞിനാണ് ജന്മം നൽകിയത്. സംഗീത ഇതിനു മുന്പ് ഗർഭത്തിന്റെ എട്ടാം മാസത്തിലായിരിക്കെ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയായിൽ വൈറലായി മാറിയിരുന്നു.
https://www.facebook.com/gautam1984/videos/10211251064973139/