ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ ബന്ധുക്കള്‍ രംഗത്തെത്തി. സീനിയർ ഡോക്ടർമാർ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയതും അനസ്തേഷ്യ നൽകിയതിലെ തകരാറുമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപര്‍ണയെ പ്രസവത്തിനായി ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. നാലോടെ രാംജിത്തിന്റെ അമ്മയെ ഡോക്ടര്‍മാര്‍ അകത്തേക്ക് വിളിപ്പിച്ച് അപര്ണയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ പ്രസവം നടന്നു. എന്നാല്‍ കുഞ്ഞു മരിച്ചു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്.
കുഞ്ഞ് മരിച്ചതറിഞ്ഞ് ആശുപത്രിയില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. പ്രസവത്തിന് മുന്‍പ് അപര്ണയ്ക്ക് യാതൊരു ആരോഗ്യപ്രശ്നവുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പോലീസെത്തിയാണ് സാഹചര്യം നിയന്ത്രിച്ചത്. അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍മാരുടെ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെ അഞ്ചോടെ അപർണ മരിച്ചത്.
അപര്‍ണയുടെ ഹൃദയമിടിപ്പ് പെട്ടെന്ന് താഴ്ന്നുവെന്നും ജീവന് രക്ഷിക്കാനായില്ലെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞത്. ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രസവസമയത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഡോക്ടമാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാതെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്നുമാണ് ബന്ധുക്കളുടെ നിലപാട്.
ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.