ന്യൂഡൽഹി: കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നു എന്ന സംശയത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ജനക്കൂട്ടം മർദിച്ചു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഹർഷ് വിഹാർ മേഖലയിലാണു സംഭവം. പ്രിയങ്ക എന്ന 25-കാരിയാണു ആൾക്കൂട്ട മർദനത്തിനിരയായത്. പത്തു പേർ കൂട്ടം ചേർന്നു പ്രിയങ്കയെ മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ആൾക്കൂട്ട മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ചു മാസം ഗർഭിണിയാണു പ്രിയങ്ക. ഇവർ ഇപ്പോൾ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷമായിരുന്നു പ്രിയങ്കയുടെ വിവാഹം. വിവാഹശേഷം ഇവർ തുഗ്ലക്കാബാദിൽനിന്നു ഫരീദാബാദിലേക്കു മാറി. കഴിഞ്ഞ ദിവസം ഇവരെ കാണാതായി. ഭർത്താവിന്റെ വീട്ടുകാർ അറിയച്ചതനുസരിച്ചു പ്രിയങ്കയുടെ കുടുംബം പോലീസിൽ പരാതി നൽകി. 11 ദിവസത്തിനുശേഷം ആൾക്കൂട്ട മർദനത്തിന്റെ വീഡിയോ ലഭിച്ചതോടെയാണു പ്രിയങ്കയെ കുറിച്ചു വീട്ടുകാർക്കു വിവരം ലഭിക്കുന്നത്.
തന്നെ ഉപദ്രവിക്കരുതെന്നു പ്രിയങ്ക ആൾക്കൂട്ടത്തോടെ കേണപേക്ഷിക്കുന്നതു വീഡിയോയിൽ കാണാം. മർദനത്തിനുശേഷം യുവതിയെ ഒരു വീടിന്റെ തിണ്ണയിൽ ഇരുത്തി. ഇതിനിടെ പ്രിയങ്ക വെള്ളം ചോദിക്കുന്നുണ്ടെങ്കിലും നാട്ടുകാർ ചോദ്യം ചെയ്യൽ തുടരുകയാണ്. പിന്നീട് ഹർഷ് വിഹാർ പോലീസ് എത്തിയാണ് യുവതിയെ രക്ഷിക്കുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും.
യുവതിക്കെതിരായ ആരോപണം വ്യാജമാണെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കുറ്റക്കാരായ മറ്റുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന അഭ്യൂഹങ്ങളുടെ പേരിൽ ഉത്തർപ്രദേശിലും ഡൽഹിയിലും അടുത്തകാലത്ത് ആൾക്കൂട്ട മർദനം പതിവാണ്. ഉത്തർപ്രദേശിൽ ഓഗസ്റ്റിൽ മാത്രം ഇത്തരം 20 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.