തലശേരി: തലശേരി ജനറല്‍ ആശുപത്രിയില്‍ പൂർണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിജിലന്‍സ് സംഘം തലശേരി ജനറല്‍ ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്ത് വയല്‍ മനോജ് ഭവനില്‍ മനോജിന്റെ ഭാര്യ രമ്യയും (30) ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തിലാണ് വിജിലന്‍സ് സംഘം ഇന്നലെ ജനറല്‍ ആശുപത്രിയില്‍ എട്ട് മണിക്കൂര്‍ നീണ്ടു നിന്ന തെളിവെടുപ്പ് നടത്തിയത്.
കോഴിക്കോട് നിന്നുള്ള വിജിലന്‍സ് വിഭാഗം-2 ലെ ഡെപ്യൂട്ടി ഡിഎംഒ ഡോ.ആശാദേവിയുടെ നേതൃത്വത്തില്‍ സീനിയര്‍ ഗൈനക്കോളജിസ്റ്റ് അടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. രാവിലെ പത്തോടെയെത്തിയ സംഘം സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ജീവനക്കാര്‍ രമ്യയുടെ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരില്‍ നിന്നും മൊഴിയെടുത്തു.വൈകുന്നേരം ആറുവരെ അന്വേഷണ സംഘം ജനറല്‍ ആശുപത്രിയില്‍ ചിലവഴിച്ചു. വിശദമായ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ഹെല്‍ത്ത് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഡോ.ആശാദേവി രാഷ്ട്രദീപികയോട് പറഞ്ഞു.
ഇതിനിടയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം തുടരുകയാണ്. പതോളജി റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. പോലീസ് സംഘം ബന്ധപ്പെട്ടവരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.ഡോക്ടറുടെയും ജീവനക്കാരുടേയും അനാസ്ഥയാണ് യുവതിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
പ്രസവ വാര്‍ഡിലെ ജീവനക്കാര്‍ രാത്രിയിലുടെ നീളം മൊബൈലിൽ കളിക്കുകയായിരുന്നുവെന്നും ജീവനക്കാരുടെ അശ്രദ്ധയാണ് യുവതിയുടെ മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്സുമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
യുവതിയുടെ മരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം ഉടലെടുക്കുകയുംപ്രതിഷേധക്കാര് ഡ്യൂട്ടി ഡോക്ടറെ തടയുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എ.എന്‍. ഷംസീര്‍ എംഎല്‍എ സംഭവം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു ഡിസംമ്പര്‍ 26 ന് പുലര്‍ച്ചെയാണ് രമ്യ മരണമടഞ്ഞത്.
21 നാണ് രമ്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25ന് രാത്രി 9.30ന് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രസവ മുറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ മൂന്നരയോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. രാത്രി രണ്ടുവരെ രമ്യ ആരോഗ്യ വതിയായിരുന്നുവെന്നും 2.20 ഓടെ പെട്ടെന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്.