വിവാഹത്തിനു മുന്‍പു പ്രസവവേദന അറിയണമെന്ന യുവതിയുടെ നിർബന്ധത്തെത്തുടർന്ന് തുടർച്ചയായി മൂന്നു മണിക്കൂർ നേരം വേദനയനുഭവിച്ച യുവാവിനെ ഒടുവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിലാണു വിചിത്രമായസംഭവം അരങ്ങേറിയത്. പ്രാദേശികമാധ്യമാണു വാർത്ത റിപ്പോർട്ട് ചെയ്തത്.
വിവാഹശേഷം സ്ത്രീകള്‍ കടന്നുപോകുന്ന അവസ്ഥകളെക്കുറിച്ച് നവവരനു ധാരണയുണ്ടാകണമെന്നു യുവതിയുടെ അമ്മയും സഹോദരിയും നിർബന്ധം പിടിച്ചത്രെ! അങ്ങനെയാണ് യുവാവിനെ പ്രസവവേദന അനുഭവിപ്പിക്കാൻ സിമുലേഷൻ സെന്ററില്‍ എത്തിച്ചത്. മൂന്നു മണിക്കൂർ വൈദ്യുതി പ്രവാഹം കടത്തിവിട്ടായിരുന്നു യുവാവിനെ വേദനയനുഭവിപ്പിച്ചത്.
സംഭവം കഴിഞ്ഞ് ഒരാഴ്ചയോളം കടുത്തവേദന അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവില്‍ യുവാവിന്റെ ചെറുകുടലിന്റെ ഒരുഭാഗം നീക്കം ചെയ്യേണ്ടിയും വന്നു. വേദന സഹിക്കാനാവാതെ തന്റെ കാമുകൻ നിലവിളിച്ചതിനെക്കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ യുവതി പങ്കുവച്ചിട്ടുണ്ട്.
യുവതിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളുടെ മകന്റെ ജീവൻ അപകടത്തിലാക്കിയ യുവതിക്കെതിരേ യുവാവിന്റെ മാതാപിതാക്കൾ രംഗത്തെത്തുകയുംചെയ്തു.