പട്ടിക്കാട്: പ്രസവവേദനയുമായി ഓട്ടോ ടാക്സിയിൽ പോകവേ കുതിരാനിൽ ഗതാഗതക്കുരുക്കിൽപെട്ടു വലഞ്ഞ യുവതിക്കു മണ്ണുത്തി ഹൈവേ പോലീസ് രക്ഷകരായി. കണ്ണന്പ്ര കല്ലേരിയിൽനിന്നു തൃശൂർ മിഷൻ ആശുപത്രിയിലേക്കു പോകുകയായിരുന്ന കറ്റേകുളം സുഭാഷിന്റെ ഭാര്യ ആതിരയ്ക്കാണു (21) ഹൈവേ പോലീസ് രക്ഷകരായത്.
ഓട്ടോ ടാക്സി ഗതാഗതക്കുരിക്കിൽപെട്ട വിവരം ആതിരയെ കൊണ്ടുവന്നിരുന്നയാൾ ഗതാഗതതടസം നീക്കിക്കൊണ്ടിരുന്ന ഹൈവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് എസ്ഐ എ. മാധവൻ ആതിരയെ ഹൈവേ പോലീസിന്റെ വാഹനത്തിൽ കയറ്റി പോകുകയായിരുന്നു.
ഇതിനിടെ പോലീസ് ആംബുലൻസിനോടു വരാൻ പറയുകയും മുടിക്കോടുവച്ച് അതിലേക്കു മാറ്റുകയുമായിരുന്നു. തുടർന്ന് ഇവരെ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പോലീസുകാരായ ബിനീഷ് കെ.പോൾ, പ്രീതി എന്നിവർ എസ്ഐക്കൊപ്പം ഉണ്ടായിരുന്നു.