ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി ഗർഭിണിയായ കൗമാരക്കാരിയുടെ ഗർഭഛിദ്രത്തിനുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. 30 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനാണ് പതിമൂന്നുകാരിയുടെ അമ്മ അനുമതി തേടിയത്.
ഹർജി പരിഗണിച്ച ജസ്റ്റീസ് എസ്.എ.ബോധ്വെ, എൽ.നാഗേശ്വര റാവു എന്നിവർ ഉൾപ്പെട്ട ബെഞ്ച് പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മുംബൈയിലെ സർ ജെജെ ഗ്രൂപ്പ് ആശുപത്രിയിൽ മെഡിക്കൽ ബോർഡിനു രൂപം നൽകാൻ നിർദേശിക്കുകയായിരുന്നു. ഓഗസ്റ്റ് 31ന് കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്‍പ് റിപ്പോർട്ട് നൽകാൻ മെഡിക്കൽ ബോർഡിനോടു കോടതി നിർദേശിച്ചു.
20 ആഴ്ചയ്ക്കുമേൽ വളർച്ചയുള്ള ഗർഭം അലസിപ്പിക്കുന്നതിനു കോടതിയുടെ വിലക്കുണ്ട്. ബലാത്സംഗത്തിനിരയായി ഗർഭിണിയായ പത്തുവയസുകാരിയുടെ ഗർഭം അലസിപ്പിക്കുന്നതിനുള്ള ഹർജി ജൂലൈ 28ന് സുപ്രീം കോടതി നിരസിച്ചിരുന്നു.