മണ്ണാർക്കാട്: അന്തേവാസി ഗർഭിണിയായതിനെ തുടർന്ന് അടച്ചു പൂട്ടിയ മണ്ണാർക്കാട്ടെ വനിത സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനെതിരെ പരാതിയുമായികൂടുതൽ അന്തേവാസികൾ രംഗത്ത്. രണ്ട് അന്തേവാസികൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
കോടതിപ്പടിയിലെ നാഷനൽ സർവീസ് സൊസൈറ്റി ഓഫ് ഇന്ത്യ ഷെൽട്ടർ ഹോം നടത്തിപ്പുകാരൻ വേണുവിനെതിരെയാണ് കേസെടുത്തത്. ഇതോടെ ഇയാൾക്കെതിരെ പരാതി നൽകിയ അന്തേവാസികളുടെ എണ്ണം മൂന്നായി. കേന്ദ്രത്തിലെ അന്തേവാസി ഗർഭിണിയായെന്ന പരാതി ഉയർന്നതിനെ തുടർന്ന് ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫിസറും സാമൂഹിക ക്ഷേമ ബോർഡ് പ്രോജക്ട് മാനേജരും സംയുക്തമായി സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു.
തുടർന്നാണ് സ്ഥാപനം അടച്ചു പൂട്ടിയത്. സ്ഥാപനത്തിലെ അന്തേവാസികളെ മുണ്ടൂർ മഹിള മന്ദിരത്തിലേക്ക് മാറ്റി. സ്ഥാപനം നടത്തിപ്പുകാരനെ പിടികൂടാൻ പൊലീസ് ഇതുവരെയും കഴിഞ്ഞിട്ടില്ല.