ചെന്നൈ: വളകാപ്പ് ചടങ്ങിനായി സ്വന്തം വീട്ടിലേക്ക് പോകവേ ഏഴ് മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ചെന്നൈ എഗ്മൂർ- കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്ത തെങ്കാശി സ്വദേശി കസ്തൂരിയാണ് മരിച്ചത്.
രാത്രി 8 മണിയോടെ ചർദിക്കാനായി ടോയ്ലറ്റിൽ പോയ കലസ്തൂരി വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളന്തൂർപേട്ടിനും വിരുദാചലത്തിനും ഇടയിൽ പൂമാമ്പാക്കമെന്ന ഗ്രാമത്തിൽവച്ചായിരുന്നു അപകടം.
സംഭവം കണ്ട ബന്ധുക്കൾ ബഹളം വച്ച് ബോഗിയിലെ ചങ്ങല വലിച്ചു. എന്നാൽ മിനിറ്റുകൾ കഴിഞ്ഞിട്ടും ട്രെയിനിലെ അപായ ചങ്ങല പ്രവർത്തിക്കാത്തതിനാൽ മറ്റൊരു ബോഗിയിൽ എത്തി ബന്ധുക്കൾ ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. 12 കിലോമീറ്റർ ദൂരം അപകടസ്ഥലത്ത് നിന്ന് ട്രെയിൻ പിന്നിട്ടിരുന്നു.
ഒടുവിൽ മൂന്ന് മണിക്കൂറോളം തിരഞ്ഞതിന് ശേഷമാണ് യുവതിയെ കണ്ടെത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ അപകട സ്ഥലത്ത് വച്ചുതന്നെ യുവതി മരിച്ചിരുന്നു. മൃതദേഹം വിരുദാചലം മെഡിക്കൽ കോളേജിൽ, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.