ഭോപ്പാൽ: ഗർഭിണിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു. മധ്യപ്രദേശിലെ മൊറാന ജില്ലയിലെ ചാന്ദ് കാ പുര ഗ്രാമത്തിലാണ് സംഭവം. ശരീരത്തിന്റെ എൺപത് ശതമാനവും പൊള്ളലേറ്റ യുവതി ഗ്വാളിയാറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
തന്റെ ഭർത്താവ് പ്രതിയായ ബലാത്സംഗ കേസിന്റെ ഒത്തുതീർപ്പിനാണ് ഇവർ അതിജീവതയുടെ ഗ്രാമത്തിലെത്തിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഭർത്താവ് ബലാത്സംഗം ചെയ്ത പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്ന മൂന്ന് പേരാണ് പ്രതികൾ.
കൂട്ട ബലാത്സംഗത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയും പുരുഷന്മാരും ചേർന്ന് തന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്ന് യുവതി പറയുന്ന വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഇവർ സംസാരിച്ചത്. ബലാത്സംഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന യുവതിയുടെ ഭർത്താവാണ് പോലീസിന് ഈ വീഡിയോ കൈമാറിയത്.
യുവതിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പ്രതികളെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.