വിവാഹദിനത്തിൽ കുഞ്ഞിന് ജന്മം നൽകി ഫ്ളോറിഡ സ്വദേശിനി. ബ്രിയാന ലൂക്ക സെരെസോയാണ് വിവാഹദിനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. എട്ട് മാസം ഗർഭിണിയായിരിക്കെയാണ് ബ്രിയാന വിവാഹത്തിനൊരുങ്ങിയത്.
വിവാഹം സിറ്റി ഹാളിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് തലേദിവസം ബ്രിയാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിക്ക് റെസ്പിറേറ്ററി സിൻസീഷ്യൽ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രസവം വേഗത്തിലാക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർമാർ ബ്രിയാനയോട് വിവാഹിതയാണോ എന്ന് ചോദിച്ചു. ബ്രിയാനയ്ക്കൊപ്പം പ്രതിശ്രുത വരനായ സെരെസോയും എത്തിയിരുന്നു. അങ്ങനെയാണ് തൊട്ടടുത്ത ദിവസം തങ്ങളുടെ വിവാഹമെന്ന് ഇവർ പറഞ്ഞത്. ഡോക്ടർമാരും നഴ്സുമാരും ഉടൻ തന്നെ ഇവരുടെ സഹായത്തിനെത്തി വിവാഹം നടത്താനുള്ള എല്ലാ സഹായവും ഇവർക്ക് ചെയ്ത് കൊടുത്തു.
പിന്നാലെ ബ്രിയാനയ്ക്ക് പ്രസവവേദന തുടങ്ങിയതോടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആശുപത്രിയിലെ മറ്റ് ജീവനക്കാർ ചെയ്യുകയായിരുന്നു. 30 മിനിട്ടുകൊണ്ട് നഴ്സുമാരിലൊരാൾ ഹോസ്പിറ്റലിലെ വെള്ള പുതപ്പ് ഉപയോഗിച്ച് വധുവിന്റെ വസ്ത്രം തയാറാക്കി.
ബ്രിയാനയുടെ ബാഗിൽ വിവാഹത്തിനായി ഒരുക്കി വച്ച മോതിരമുണ്ടായിരുന്നു. അങ്ങനെ നിശ്ചയിച്ച് ഉറപ്പിച്ച അതേ ദിവസം അവരുടെ വിവാഹവും നടന്നു. മോതിരം പരസ്പരം കൈമാറുകയും കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു. ചടങ്ങിനിടയിൽ ബ്രിയാനയ്ക്ക് പ്രസവ വേദന കൂടി. മണിക്കൂറുകൾക്കുള്ളിൽ തങ്ങളുടെ ആദ്യ കൺമണിയെ അവർ സ്വീകരിക്കുകയും ചെയ്തു.