സിസേറിയന്‍ മതിയെന്ന് ഗര്‍ഭിണി; പറ്റില്ലെന്നു ഭര്‍ത്താവും ബന്ധുക്കളും; ഒടുവില്‍ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നും യുവതി എടുത്തു ചാടി; ശേഷം സംഭവിച്ചത്…

കടുത്ത പ്രസവവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന കലശലായപ്പോള്‍ സിസേറിയന്‍ മതിയെന്ന് യുവതി നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ഭര്‍ത്താവും ബന്ധുക്കളും ഇത് പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. യുവതിയും ഭര്‍ത്താവും രണ്ടു തട്ടിലായതോടെ ആശുപത്രി അധികൃതരും വെട്ടിലായി. ഒടുവില്‍ യുവതി കെട്ടിടത്തില്‍ നിന്നു എടുത്തുചാടി. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍സിയിലെ യുലിന്‍ നമ്പര്‍ വണ്‍ ആശുപത്രിയിലാണ് സംഭവം. മാ മുമു എന്ന യുവതിയാണ് മരിച്ചത്.

ആഗസ്ത് 30ന് യുവതിയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വേദന ലഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി. വേദന കടുത്തതോടെ യുവതി സിസേറിയന്‍ മതിയെന്ന് വാശിപിടിച്ചു. ഭര്‍ത്താവും കുടുംബാഗങ്ങളും സാധാരണ പ്രസവം മതിയെന്നു നിര്‍ബന്ധിച്ചു. ഇതോടെ ആശുപത്രി അധികൃതരും കുടുങ്ങി. വേദന സഹിക്കാന്‍ വയ്യാതെ പലതവണ യുവതി ലേബര്‍ റൂമില്‍ നിന്നു പുറത്തേക്ക് വന്നു. വീട്ടുകാര്‍ സമാധാനിപ്പിച്ച് തിരിച്ചു ലേബര്‍ റൂമിലേക്ക് തന്നെ കൊണ്ടുപോയി. എന്നാല്‍ വ്യാഴാഴ്ച വേദന കടുത്തു. ഇതോടെ പുറത്തുവന്ന യുവതി സിസേറിയന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വീട്ടുകാര്‍ നിലപാട് മാറ്റിയില്ല.

കുട്ടിയുടെ തലയ്ക്ക് അമിത വളര്‍ച്ചയുണ്ടായിരുന്നു. ഇത് പ്രസവ സമയത്ത് പ്രയാസം സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം യുവതിയും അറിഞ്ഞിരുന്നു. അതുമുതല്‍ സിസേറിയന്‍ മതിയെന്ന് യുവതി പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ യുവതി നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതം കൂടി ഉണ്ടായാല്‍ മാത്രമേ സിസേറിയന്‍ നടത്തൂ. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അഭിപ്രായം തേടിയത്. കുടുംബാംഗങ്ങള്‍ വിട്ടുവീഴ്ച ചെയ്തില്ല. സാധാരണ പ്രസവം മതിയെന്ന് അവര്‍ വാശിപിടിച്ചു. ഇതോടെയാണ് യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നു യുവതി ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ഇതോടെ ഭര്‍ത്താവും കുടുംബവും ആശുപത്രിക്കെതിരേ തിരിഞ്ഞു. തങ്ങള്‍ സിസേറിയന് അനുമതി നല്‍കിയിട്ടും ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. സംഭവം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം വീട്ടുകാരാണ് കുറ്റക്കാര്‍ എന്ന് ആരോഗ്യമന്ത്രാലയം വിധിക്കുകയും ചെയ്തു.

 

 

Related posts