ഭോപ്പാൽ: ഗർഭിണിയായ യുവതിക്കു ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് നവജാതശിശുവിനു ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയിൽ മധ്യപ്രദേശ് സൈലാനയിലാണു സംഭവം. യുവതിയെ ആരോഗ്യകേന്ദ്രത്തിൽനിന്നു രണ്ടുതവണ തിരിച്ചയച്ചെന്നും പിന്നീട് വഴിയിൽ പ്രസവിച്ചശേഷം ഭർത്താവ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് നവജാത ശിശു മരിച്ചതെന്നും പരാതിയിൽ പറയുന്നു.
കൃഷ്ണ ഗ്വാല എന്ന യുവാവാണ് തന്റെ ഭാര്യ നീതുവിനെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് രണ്ടു തവണ കൊണ്ടുപോയത്. ആദ്യം കൊണ്ടു പോയപ്പോൾ പ്രസവസമയം ആയില്ലെന്നുപറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.
പിന്നീട് പുലർച്ചെ ഒന്നിന് മണിക്ക് വീണ്ടും പ്രസവ വേദന വന്നതിനെത്തുടർന്ന് എത്തിയപ്പോഴും 15 മണിക്കൂർ കൂടി കഴിയുമെന്ന് പറഞ്ഞു തിരിച്ചയച്ചു. ദന്പതിമാർ ആശുപത്രിയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പുലർച്ചെ മൂന്നിന് വഴിയിൽ വച്ചാണ് യുവതി പ്രസവിച്ചത്. ഇതേത്തുടർന്ന് നവജാത ശിശു മരിച്ചു. കുഞ്ഞിന്റെ മരണത്തിന് ഗ്വാല ആശുപത്രി മാനേജ്മെന്റിന്റെ ഗുരുതര പിഴവാണ് കാരണമെന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പറഞ്ഞു.