ലക്നോ: പശുക്കൾക്കു പോലും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന ഉത്തർപ്രദേശിലെ ഇട്വ ജില്ലയിൽ റോഡ് ഇല്ലാത്തതുമൂലം ഗർഭിണിയെ കട്ടിലിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. പൂർണ ഗർഭിണിയെ കുടുംബാംഗങ്ങൾ കട്ടിലിൽ കിടത്തി കിലോമീറ്ററുകളോളം ചുമന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇട്വായിലെ ബിഹാരിപുരയിൽനിന്നുമാണ് ഗർഭിണിയെ കട്ടിലിൽ കിടത്തി ആശുപത്രിയിൽ എത്തിച്ചത്. ബിഹാരിപുരയിൽ ആശുപത്രികളോ സ്കൂളുകളോ ഇല്ല. നൂറ് കുടുംബങ്ങളിലായി 600 പേരാണ് ഇവിടെ താമസിക്കുന്നത്.
ഇവിടെ നിന്നും മൂന്ന് കിലോമീറ്റർ ചെളിനിറഞ്ഞ റോഡിലൂടെ സഞ്ചരിച്ചുവേണം വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ. ആർക്കെങ്കിലും രോഗമുണ്ടായാൽ കട്ടിലിൽ കിടത്തി ചുമന്ന് വേണം ആശുപത്രിയിൽ എത്തിക്കാനും.
കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലും സമാനമായ സംഭവം ഉണ്ടായി. ആന്ധ്രായിലെ വിജയനഗരം ജില്ലയിൽ പ്രസവത്തിനായി തുണിത്തൊട്ടിയിൽ ചുമന്നുകൊണ്ടുപോയ ആദിവാസി യുവതി വഴിമദ്ധ്യേ പ്രസവിച്ചു. പ്രദേശത്തേക്ക് വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കാത്തതിനാല്‍ മുളവടിയില്‍ തുണികെട്ടി അതില്‍ ഇരുത്തിയാണ് യുവതിയെ ചുമന്നുകൊണ്ടുപോയത്.