ന്യൂഡൽഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിൽനിന്നു യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. സംഭവത്തിൽ സോണിയുടെ കാമുകൻ സലീം (സഞ്ജു), ഒരു സുഹൃത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തെരച്ചിൽ തുടരുന്നു. സോണി ഏഴു മാസം ഗർഭിണിയായിരുന്നു.
സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നെന്നും ഗർഭിണിയായതിനു പിന്നാലെ തന്നെ വിവാഹം കഴിക്കാൻ സലീമിനെ സോണി നിർബന്ധിച്ചെന്നും പോലീസ് പറഞ്ഞു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും തർക്കമായി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്നു സാധനങ്ങളെടുത്ത് സലീമിനെ കാണാൻ സോണി പോയി.
സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്നു കൊന്നു കുഴിച്ചുമൂടുകയായിരുന്നു. സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സോണിക്ക്, ഇൻസ്റ്റഗ്രാമിൽ ആറായിരത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.