ഗർഭിണിയെ വനമേഖലയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിന് ഗ്രാമത്തിലെത്താൻ റോഡ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ മരക്കൊമ്പുകൾക്കൊണ്ട് ഉണ്ടാക്കിയ താത്കാലിക സ്ട്രെച്ചറിൽ ചുമന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ നിന്നുള്ള ആദിവാസി യുവതിയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബത്തിലെ രണ്ട് പുരുഷന്മാർ ചേർന്ന് ചുമന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഏകദേശം 20 കിലോമീറ്ററോളം അവർ യുവതിയെ ചുമലിലേറ്റി സത്യനാരായണപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
തുടർന്ന് യുവതിയെ ഹെൽത്ത് സെന്ററിൽ നിന്ന് ആംബുലൻസിൽ ഭദ്രാചലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞിനെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.