ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് തീകൊളുത്തി. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. യുവതിയക്ക് ഗുരുതരമായി പൊള്ളലേറ്റു.
അവിവാഹിതയായ മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ രോഷാകുലരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിനെക്കുറിച്ച് അവർ അവളോട് ചോദിച്ചിരുന്നുവെങ്കിലും വിവരങ്ങളൊന്നും വെളിപ്പെടുത്താൻ യുവതി തയാറായില്ല.
21 കാരിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് കാട്ടിലേക്ക് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ചില കർഷകർ സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് 70 ശതമാനം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെന്ന് പോലീസ് പറഞ്ഞു. പിന്നീട് യുവതിയെ മീററ്റിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ യുവതിയുടെ അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.