കൊച്ചി: എ.ആര്. റഹ്മാന്റെ ഹിറ്റ് മെലഡികള്‍ക്കു പിയാനോയിലൂടെ വേറിട്ട ആസ്വാദനമൊരുക്കി വൈദികന്. ഓസ്ട്രിയയിലെ വിയന്നയില്‍ സംഗീതത്തില്‍ ഉപരിപഠനം നടത്തുന്ന എറണാകുളം സ്വദേശി ഫാ. ജാക്സണ് സേവ്യര്‍ കിഴവനയാണു തന്റെ ഇഷ്ടസംഗീതജ്ഞനു പിയാനോയിലൂടെ സംഗീതസമ്മാനം ഒരുക്കിയത്.
റഹ്മാന്റെ പ്രസിദ്ധമായ അഞ്ചു പാട്ടുകളാണു പിയാനോയില്‍ ഫാ. ജാക്സണ് വായിച്ചിട്ടുള്ളത്. വയലിനിന്റെയും ഫ്ളൂട്ടിന്റെയും അകമ്പടിയോടെയാണു കമ്പോസിംഗ്.
മൂന്നാര്‍, ഇടുക്കി, കട്ടപ്പന, കുഴുപ്പിള്ളി ബീച്ച് എന്നിവിടങ്ങളിലെ മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ചിത്രീകരണവും വ്യത്യസ്തമായ ഈ സംഗീതോപഹാരത്തെ മികച്ച ദൃശ്യാനുഭവം കൂടിയാക്കി.
വര്‍ഷങ്ങള്‍ക്കു മുമ്പ് എ.ആര്. റഹ്മാന്റെ ആദ്യകാല ഈണങ്ങള്‍ കേട്ടു പിയാനോ പഠനത്തിലേക്കു ചുവടുവച്ച തനിക്കു, പുതിയ സംഗീതോപഹാരം അദ്ദേഹത്തോടുള്ള ആദരവിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണെന്നു ഫാ. ജാക്സണ് പറയുന്നു.
സംഗീതരംഗത്തു വ്യത്യസ്തവും ശ്രദ്ധേയവുമായ പരീക്ഷണങ്ങള്‍ ഏറെ നടത്തിയിട്ടുണ്ട് എറണാകുളം – അങ്കമാലി അതിരൂപത വൈദികനായ ഫാ. ജാക്സണ് സേവ്യര്‍. അമേരിക്കയില്‍ പോലീസുകാരന്റെ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്ളോയിഡിനെ അനുസ്മരിച്ചു ‘കാണ്ട് ബ്രീത്ത്’ എന്ന ഗാനം ഫാ. ജെറിന് പാലത്തിങ്കലിനൊപ്പം തയാറാക്കിയിരുന്നു. ഗാനം മാധ്യമശ്രദ്ധ നേടി. മ്യൂസിക്കല്‍ കണ്‍സേര്‍ട്ടുകള്‍, സ്ട്രീറ്റ് പെര്‍ഫോമന്‍സുകള്‍, പിയാനോ ട്യൂട്ടോറിയലുകള്‍, മ്യൂസിക് മോട്ടിവേഷണല്‍ ടോക്കുകള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍, ഗാനങ്ങളുടെ പിയാനോ കവര്‍ എന്നിവയെല്ലാം ഫാ. ജാക്സന്റെ സംഗീതവഴികളിലുണ്ട്.
‘മദ്രാസ് മോസാര്‍ട്ടിന്റെ ഹൃദയരാഗങ്ങള്‍’എന്ന പേരില്‍ ഫാ. ജാക്സണ് തന്റെ യുട്യൂബ് ചാനലില്‍ എട്ടു മിനിട്ടുള്ള പുതിയ സംഗീതോപഹാരവും ചേര്‍ത്തിട്ടുണ്ട്.