ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നിന്ന താരമാണ് പ്രേംകുമാര്‍. നായകനായും സഹനടനായുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് താരം നിറഞ്ഞു നിന്നത്.
പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.
പ്രശസ്ത സംവിധായകന്‍ പിഎ ബക്കര്‍, പി കൃഷ്ണപിള്ളയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി എടുത്ത സഖാവ് എന്ന സിനിമയില്‍ ആണ് പ്രേംകുമാര്‍ ആദ്യം അഭിനയിച്ചത്.
എന്നാല്‍ ആ ചിത്രം പ്രദര്‍ശനത്തിനെത്തിയില്ല. തുടര്‍ന്ന് തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ‘ലംബോ’ എന്ന ടെലിഫിലിം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ടുവരുന്നത്.
വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു.
അരങ്ങ് എന്ന ചിത്രം ആണ് പ്രേംകുമാറിന്റേതായി ആദ്യം റിലീസ് ചെയ്ത സിനിമ. മുപ്പതു വര്‍ഷത്തില്‍ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാര്‍, ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി.
ജോണിവാക്കര്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ, പുതുക്കോട്ടയിലെ പുതുമണവാളന്‍, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളില്‍ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാര്‍ കാഴ്ച വെച്ചത്.
വ്യക്തിപരമായ കാരണങ്ങളാല്‍ അഭിനയരംഗത്ത് നിന്നും കുറച്ചു കാലം വിട്ടു നിന്ന പ്രേംകുമാര്‍ ചട്ടക്കാരി, തേജാഭായി ആന്‍ഡ് ഫാമിലി, ഷട്ടര്‍, അരവിന്ദന്റെ അതിഥികള്‍, പഞ്ചവര്‍ണത്ത, പട്ടാഭിരാമന്‍ തുടങ്ങിയ
ചിത്രങ്ങളിലൂടെ മലയാള സിനിമരംഗത്ത് വീണ്ടും സജീവമായിരുന്നു.
അമ്മാവാ എന്ന ഒരു വിളി കൊണ്ടും, അതാണ് ഉറുമീസ് എന്നൊരു വാചകം കൊണ്ടും മലയാളികള്‍ക്ക് പൊട്ടിച്ചിരികള്‍ സമ്മാനിച്ച താരം.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന ഹിറ്റ് പരിപാടിയില്‍ ആയിരുന്നു പ്രേംകുമാര്‍ മനസ് തുറന്നത്.
പ്രേംകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…1991 ലാണ് സിനിമയിലേക്ക് പ്രേം കുമാര്‍ വരുന്നത്. ലംബോയെന്നുള്ള ടെലിഫിലിമിലൂടെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിന് ശേഷമായാണ് സിനിമയിലേക്കെത്തിയത്.
സിനിമയില്‍ നിന്നും ഒരു മോശം അനുഭവങ്ങളും തനിക്കുണ്ടായിട്ടില്ലെന്നും പ്രേംകുമാര്‍ പറയുന്നു. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നു.
ഒരു സിനിമയില്‍ സംവിധായകന്‍ ആവശ്യപ്പെട്ട ഒരു ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. അത് പറഞ്ഞേ തീരൂയെന്നായിരുന്നു സംവിധായകന്റെ മറുപടി.
ഒരു സാംസ്‌കാരിക അപചയമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എത്രയോ നല്ല പദങ്ങള്‍ മലയാളത്തിലുണ്ട്.
മോശം വാക്കുകളും തെറിയുമൊന്നും ഉപയോഗിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും പ്രേംകുമാര്‍ അഭിപ്രായപ്പെടുന്നു.
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോയിട്ടുള്ള ട്രെയിനിംഗിലൂടെയാണ് താന്‍ അഭിനയത്തിലേക്ക് എത്തുന്നതെന്നാണ് പ്രേം കുമാര്‍ പറയുന്നത്.
അന്ന് ലഭിച്ച ധൈര്യമാണ് പിന്നീടുള്ള അഭിനയ ജീവിതത്തിന് കരുത്തായതെന്നും താരം പറയുന്നു.
അതേസമയം അഭിനയം ജന്മനാ ലഭിച്ചവര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോയിക്കഴിഞ്ഞാലുള്ള കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാറുണ്ട് എന്നും എന്നാല്‍ ഞാനൊക്കെ അഭിനയം പഠിക്കാനായി പോയതാണെന്നും പ്രേം കുമാര്‍ പറയുന്നു.
സിനിമയ്ക്ക് വേണ്ടി സ്ഥലം മാറിയിട്ടൊന്നുമില്ല, ഇപ്പോഴും കഴക്കൂട്ടത്താണ് താമസിക്കുന്നത്. 10-15 സിനിമകളില്‍ ഹീറോയായി അഭിനയിച്ചിട്ടുണ്ട്.
നായകതുല്യമായ കഥാപാത്രങ്ങളും കുറേ ചെയ്തിട്ടുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു. 2000 ജൂലൈ 12ലായിരുന്നു പ്രേം കുമാറിന്റെ വിവാഹം.
തങ്ങളുടെ വിവാഹത്തെക്കുറിച്ച് താരത്തിന്റെ ഭാര്യ ജിഷ പറയുന്നതിങ്ങനെ…ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് വഴിയാണ് പ്രൊപ്പോസല്‍ വന്നത്.
ഞാന്‍ മസ്‌ക്കറ്റിലായിരുന്നു പഠിച്ചിരുന്നത്. കുടുംബത്തോടെ അവിടെയായിരുന്നു. ഡിഗ്രിക്ക് പഠിച്ചോണ്ടിരിക്കുമ്പോഴായിരുന്നു ആലോചന വന്നത്. സിനിമ ഇഷ്ടമാണ് പുള്ളിയേയും ഇഷ്ടമായി എന്നും ജിഷ പറയുന്നു.
ദൈവം ഞങ്ങളെ കൂട്ടിയിണക്കി എന്ന് പറയാനാണ് തനിക്കിഷ്ടമെന്നും ജിഷ കൂട്ടിച്ചേര്‍ക്കുന്നു. മകളെക്കുറിച്ചും ഇരുവരും മനസ് തുറക്കുന്നുണ്ട്.
എട്ടു വര്‍ഷം കാത്തിരുന്നാണ് തങ്ങള്‍ക്കൊരു മകള്‍ ജനിച്ചത് എന്നാണ് പ്രേം കുമാറും ഭാര്യയും പറയുന്നത്.
ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ യേശു അത്ഭുതം പ്രവര്‍ത്തിച്ച് ഞങ്ങള്‍ക്കൊരു മോളെ തന്നു എന്നാണ് ഇരുവരും പറയുന്നത്.
മകള്‍ക്ക് ഇപ്പോള്‍ 13 വയസ്സാവുന്നു. പൊന്നു എന്നാണ് വിളിക്കുന്നത്. ബേക്കിങ് ഭയങ്കര പാഷനാണ്. പച്ചക്കറി കൃഷിയുണ്ട്.
അങ്ങനെയാണ് ഒരു ദിവസം കടന്നുപോവുന്നതെന്നും ജിഷ പറയുന്നു. ജീവിതത്തില്‍ ഞാന്‍ സ്വയം ചിന്തിച്ചത് പോലെയായിരുന്നില്ല ജീവിതം പോയത്.
പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലാതെ സിനിമയിലേക്കെത്തിയ ആളാണ് താനെന്നും പ്രേംകുമാര്‍ പറയുന്നു.
കുഞ്ഞുണ്ടാകാന്‍ ഒരുപാട് വൈകിയപ്പോള്‍ ദൈവത്തെ അടുത്തറിയാന്‍ കഴിഞ്ഞുവെന്നാണ് അവര്‍ പറയുന്നത്.
അത് നമ്മള്‍ നമ്മളല്ലാതായി മാറുന്നൊരു അവസ്ഥയായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെടുന്നു. നാലഞ്ച് വര്‍ഷം ട്രീറ്റ്മെന്റായിരുന്നുവെന്നും താരം തുറന്നു പറയുന്നു.
ചികിത്സ നടക്കുന്നത് സിനിമയില്‍ വളരെ സജീവമായി നിലനില്‍ക്കുന്ന സമയമായിരുന്നു. അതോടെയാണ് തനിക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്നത്.
നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ, ദൈവത്തിന് ചിലപ്പോള്‍ വല്ല അത്ഭുതവും കാണിക്കാനായാലോ എന്നായിരുന്നു ഡോക്ടര്‍മാര്‍ വരെ പറഞ്ഞതെന്നും പ്രേം കുമാര്‍ ഓര്‍ക്കുന്നു.
ഒടുവില്‍ കുഞ്ഞ് ജനിച്ചു. പ്രാര്‍ത്ഥനയിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് വിശ്വസിക്കുന്നുണ്ട്.
വൈദ്യശാസ്ത്രം ഇനി പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞ സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വലിയൊരു ശക്തിയുണ്ടെന്ന് മനസ്സിലാവുകയായിരുന്നുവെന്നും അവര്‍ പറയുന്നു.