കാവ്യാ ദേവദേവന്
വെള്ളിത്തിരകളിൽ വിസ്മയങ്ങൾ സ്വപ്നം കാണുന്ന കോട്ടയംകാരുടെ സ്വന്തം കറിയാച്ചൻ എന്ന പ്രേം പ്രകാശ് മലയാളസിനിമയുടെ സുവർണകാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു.
ചലച്ചിത്രലോകത്തു നിര്‍മാതാവായും അഭിനേതാവായും ഗായകനായും കറിയാച്ചൻ സഞ്ചാരമാരംഭിച്ചിട്ട് 55 വർഷം പിന്നിടുന്നു. മലയാളസിനിമയ്ക്കു രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത പി. പത്മരാജനു സിനിമയിലേക്കുള്ള വഴിതെളിച്ചത് പ്രേം പ്രകാശ് ആയിരുന്നു. നടന്മാരായ റഹ്മാന്, അശോകന്, ബിജു മേനോന് തുടങ്ങി നിരവധി കലാകാരന്മാര്ക്ക് സിനിമയില്‍ അവസരം നല്കിയതും അദ്ദേഹമാണ്. സിനിമയിലെ തന്റെ ഓർമകൾ രാഷ് ട്രദീപികയോടു പങ്കുവയ്ക്കുകയാണ് പ്രേം പ്രകാശ്…
* പിന്നണിഗായകനായി തുടക്കം
1968ൽ പുറത്തിറങ്ങിയ ‘കാർത്തിക’എന്ന സിനിമയിലെ “കാര്‍ത്തിക നക്ഷത്രത്തെ പുണരുവാനെന്തിനു പുല്‍ക്കൊടി വെറുതെ മോഹിച്ചു മാനത്തെ മുത്തിന് കൈ നീട്ടി കൈനീട്ടി മനംപൊട്ടിക്കരയുന്നതെന്തിനു നീ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണു സിനിമയിലെത്തുന്നത്.
ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. പാട്ടും അഭിനയവുമാണ് എനിക്കേറെ ഇഷ്ടം.ചേട്ടന് ജോസ് പ്രകാശ് വഴി സംഗീത സംവിധായകന് ബാബുരാജിനെ പരിചയപ്പെടുകയും അദ്ദേഹം എനിക്ക് ആദ്യമായി പാടാന്‍ അവസരം നല്‍കുകയുമായിരുന്നു. അങ്ങനെയാണ് കാര്‍ത്തികയില്‍ പാടുന്നത്.
ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാന്‍ സാധിക്കാത്തത് എന്നുമൊരു വിങ്ങലായിരുന്നു മനസില്‍. പാട്ടുകളോടുള്ള ഇഷ്ടംകൊണ്ട് അന്യഭാഷാചിത്രങ്ങളും കാണുമായിരുന്നു.
ഞാനും ചേട്ടനും പാട്ടുകാരായാണ് സിനിമയില്‍ എത്തിയത്. ചേട്ടന്റെ താത്പര്യപ്രകാരമായിരുന്നു സിനിമയിൽ സജീവമാകുന്നത്. പിന്നീട് അഭിനയത്തിലേക്കു മാറി.
ശാസ്ത്രീയമായി പഠിക്കാത്തതുകൊണ്ടുതന്നെ പാട്ടില്‍ ശോഭിക്കുവാന്‍ സാധിക്കില്ലെന്ന ബോധ്യം ഉണ്ടായിരുന്നു. അതുള്ളതുകൊണ്ടാണ് പത്തൊമ്പതോളം സിനിമകള്‍ പ്രൊഡ്യൂസ് ചെയ്തിട്ടും ഒന്നില്‍ പോലും പാടാതിരുന്നതും.
* സിനിമപ്രേമി
സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്കുപോവുക എന്റെ പതിവായിരുന്നു. അന്നത്തെ സിനിമാ കൊട്ടകയായ കോട്ടയം സ്റ്റാറിലും രാജ്മഹലിലും ഞാന്‍ കണ്ട സിനിമകള്‍ക്കു കണക്കില്ല.
പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല ഞാന്‍. എന്റെ ഉഴപ്പും ക്ലാസ് കട്ട് ചെയ്യലും കാരണം എന്നെ വീട്ടുകാര്‍ ബോര്‍ഡിംഗില്‍ ചേര്‍ത്തു. കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളില്‍നിന്ന് മാന്നാനം സെന്റ് എഫ്രേംസിലേക്കുള്ള പറിച്ചു നടലായിരുന്നു അത്. പിന്നീട് പ്രീയൂണിവേഴ്സിറ്റിക്കു ചങ്ങനാശേരി എസ്ബി കോളജില്‍ ചേര്‍ന്നു.
കാളാശേരി അച്ചനായിരുന്നു അന്ന് പ്രിന്‍സിപ്പാള്‍. ചേട്ടന് ജോസ് പ്രകാശിനൊപ്പമാണ് അന്ന് അഡ്മിഷനെടുക്കാന്‍ പോയത്. എന്റെ കൈയില്‍ അന്നത്തെ മത്സരങ്ങളിലെല്ലാം കിട്ടിയ സര്‍ട്ടിഫിക്കറ്റുകളുടെ ഒരു കെട്ടുണ്ടായിരുന്നു.
എസ്എസ്എല്‍സി മാര്‍ക്ക് നോക്കിയല്ല അഡ്മിഷന് തരുന്നത് മറിച്ച് നിന്റെ കലാപരമായ കഴിവുകള്‍ കൊണ്ടാണെന്ന് കാളാശേരി അച്ചന് എന്നോട് പറയുന്നത് ഞാനിപ്പോഴുമോര്‍ക്കുന്നു.
പിന്നീട് കോട്ടയം സിഎംഎസ് കോളജില്‍ ഡിഗ്രിക്കു ചേര്‍ന്നു. സ്കൂള്‍ കോളജ് സമയം മുതല്‍തന്നെ കലാരംഗത്താണ് ഞാന്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കലോത്സവ വേദികളില്‍ സ്ഥിരം പങ്കാളിയായിരുന്നു.
പാട്ടിനും, അഭിനയത്തിനുമെല്ലൊം മുന്‍പന്തിയില്‍ ഞാനുണ്ടായിരുന്നു. വിദ്യാഭ്യാസ കാലഘട്ടങ്ങളിലെല്ലാം അധ്യാപകരുടെ പൂര്‍ണ പിന്തുണ കൂടെയുണ്ടായിരുന്നു.
അതുകൊണ്ടതന്നെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനു ഭയങ്കര ആവേശമായിരുന്നു. അമ്പലപ്പുഴ രാമവര്മയുമായി തട്ടില്‍ കയറിയത് ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന അനുഭവമാണ്.
* ജോസ് പ്രകാശിന്റെ പിന്തുണ
ജോസ്പ്രകാശിന്റെ പിന്തുണ എനിക്കേറ്റവും ധൈര്യം നല്കി. അദ്ദേഹം സിനിമയില്‍ വില്ലനായിരുന്നെങ്കിലും ജീവിതത്തില്‍ വളരെ എളിമയുള്ള മനുഷ്യനായിരുന്നു.
പ്രേംനസീറിനൊപ്പം തന്നെ സ്വീകാര്യതയുള്ള നടനായിരുന്നു അദ്ദേഹവും. താരജാഡയില്ലാത്ത, ജീവിതത്തില്‍ ലാളിത്യവും എളിമയും പാലിച്ചിരുന്ന പച്ചയായ മനുഷ്യനായിരുന്നു ചേട്ടന്. അദ്ദേഹം പകര്‍ന്നു നല്കിയ മൂല്യങ്ങളാണ് ഇന്നുമെന്റെ ശക്തി. അതുതന്നെയാണ് ഞാനെന്റെ മക്കള്‍ക്കും പകര്‍ന്നു കൊടുത്തിട്ടുള്ളത്.
* അടുത്ത പ്രോജക്ട്
അഭിനയിച്ച മുന്ന് സിനിമകള്‍ റിലീസാകാനുണ്ട്. അതിന്റെ കാത്തിരിപ്പിലാണിപ്പോള്‍. ഒരു പുതിയ പടത്തിനുള്ള തിരക്കഥ മക്കള്‍ ബോബി-സഞ്ജയ് എഴുതിയിട്ടുള്ളതും മറ്റൊരു സന്തോഷം. ഒക്ടോബര്‍- നവംബറിൽ ഈ സിനിമയുമായി രംഗത്തിറങ്ങണമെന്നാണ് ആഗ്രഹം.
* ആദരവ്
സിനിമാമേഖലയില്‍ 55 വര്‍ഷം കടന്നുപോകുന്നു. പിന്നണിഗായകനായി തുടക്കം. പിന്നീട് നിർമാതാവായി, നടനായി. ജോസ് പ്രകാശ് തിളങ്ങി നില്ക്കുമ്പോള്ത്തന്നെ സിനിമയില്‍ അറിയപ്പെടാന്‍ കഴിഞ്ഞതും ഭാഗ്യം.
സിനിമാജീവിതത്തിന്റെ അമ്പതാണ്ട് ചെറിയ കാര്യമല്ലെന്ന് കോട്ടയം പൗരാവലി ഓര്‍മിപ്പിക്കുന്നു. 55 -ാം വര്‍ഷികം കോട്ടയം പൗരാവലി ആഘോഷിക്കുമ്പാള് ജന്മനാടിന്റെ ആദരവില്പ്പരം മറ്റെന്തു സന്തോഷമാണ് വേണ്ടത്.
ഇങ്ങനെയൊരു ആഘോഷത്തിന്റെ കാര്യം കേട്ടപ്പോള്‍തന്നെ അഭിമാനവും സന്തോഷവുമായിരുന്നു. ഇതു സംഘടിപ്പിക്കുന്ന സംഘടനാംഗങ്ങള്‍ക്ക് ഒരുപാടു നന്ദി.