എട്ടാം വയസിൽ ഗ്യാസ് പൊട്ടിത്തെറിച്ച് മുഖത്ത് ഗുരുതരമായി പൊളളലേറ്റ വ്യക്തി കാലങ്ങൾ കടന്നപ്പോൾ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന ഡോക്ടറായി പത്മശ്രീ നേടിയിരിക്കുന്നു. കേൾക്കുന്പോൾ സിനിമാ കഥ പോലെ തോന്നുന്നുണ്ടെങ്കിൽ തെറ്റി. ഇത് ഡോ. പ്രേമ ധന്‍രാജിന്റെ ജീവിത കഥയാണ്.
എട്ടുവയസുള്ളപ്പോൾ ചായ ഉണ്ടാക്കുന്നതിന് അടുക്കളയില്‍ കയറി തീപ്പെട്ടിയുരച്ച് സ്റ്റൗ കത്തിച്ചതും പൊട്ടിത്തെറിച്ചു. ശരീരത്തിന്റെ പകുതിയിലേറെ ഭാഗവും പൊള്ളലേറ്റു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറിയെങ്കിലും പ്രേമയുടെ മുഖം പൂർണമായും മാറി. പലരും പേടിച്ച് മുഖം തിരിച്ചു. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിലേക്ക് തിരികെയെത്തിയ ആ എട്ട് വയസുകാരി ഇന്ന് താൻ രോഗിയായി കിടന്ന അതേ ആശുപത്രിയിലെതന്നെ ഡോക്ടറാണ്.
പൊള്ളലേറ്റവരെ ശുശ്രൂഷിക്കാനായി പ്ലാസ്റ്റിക് സര്‍ജറിയില്‍ ഉപരിപഠനവും നടത്തി. അതിജീവനത്തെയും സേവനത്തെയും മാനിച്ച് 72-കാരിയായ പ്രേമയ്ക്ക് രാജ്യം ഇത്തവണ പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു.
ബംഗളൂരു ആസ്ഥാനമായി ‘അഗ്നിരക്ഷ’ എന്ന സംഘടന പൊള്ളലേറ്റവരെ ചികിത്തിക്കുന്നതിനായി സ്ഥാപിച്ചു. കൂടാതെ ഇതുവരെ 25,000 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും നൽകി.