വടക്കഞ്ചേരി: സോളാർ കമ്മീഷൻ റിപ്പോർട്ടോടെ പ്രതിരോധത്തിലായ എൽഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിച്ച് അണികളെ വീണ്ടും വഞ്ചിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയ്ക്ക് വടക്കഞ്ചേരിയിൽ നല്കിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സോളാർ റിപ്പോർട്ടിൽ പ്രതികളായ യുഡിഎഫ് വിശദീകരണ യോഗം സംഘടിപ്പിക്കേണ്ടതിനുപകരം റിപ്പോർട്ടിൽ കൈക്കൊണ്ട രാഷ്ട്രീയപിശകുകളും ഗുരുതരമായ ക്രമക്കേടും മൂടിവയ്ക്കാനാണ് എൽഡിഎഫ് സോളാർ വിശദീകരണവുമായി രംഗത്തുവരുന്നത്. ഉമ്മൻചാണ്ടിയെപ്പോലെയുള്ള ജനനേതാക്കൾക്കെതിരെ ലൈംഗിക പീഡന കുറ്റംചുമത്തി ക്രൂശിച്ചാൽ അതിന് കാലം മാപ്പുതരില്ല.
ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്രത്തിൽ കോട്ടെടുക്കുന്ന മോദിയും കേരളത്തിൽ മുണ്ടെടുക്കുന്ന മോദിയുമാണെന്ന് പ്രേമചന്ദ്രൻ പരിഹസിച്ചു. മന്ത്രി ചാണ്ടിയുടെ രാജിക്കാര്യത്തിൽ ഇരട്ടചങ്കുള്ള പിണറായി വിജയൻ ഓട്ടചങ്കനായി മാറിയെന്നും യുഡിഎഫ് നേതാവു കൂടിയായ പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.