രാജീവ് ഡി. പരിമണം
കൊല്ലം: ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നില്ലെങ്കിലും കൊല്ലത്ത് എൽഡിഎഫും യുഡിഎഫും നേർക്കുനേർ പോരാട്ടം തുടങ്ങി. സിപിഎം നേതാവായ എംഎ ബേബിയെ മുട്ടുകുത്തിച്ച് മികച്ച പാർലമെന്റേറിയനായി പുരസ്കാരങ്ങളുടെ ആരവങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ജനകീയനായ പ്രേമചന്ദ്രൻതന്നെയാണ് യുഡിഎഫ് സ്ഥാനാർഥി.
ഔദ്യോഗിക പ്രഖ്യാപനം പാർട്ടിയിൽനിന്നും യുഡിഎഫും കേന്ദ്രങ്ങളിൽനിന്നും വന്നതോടെ ബൂത്തുതല പ്രവർത്തനങ്ങൾ കുറെക്കൂടി ഉഷാറായി. എതിരാളിയായി പാർട്ടിപരിപാടികളിൽ നിറഞ്ഞുനിൽക്കുന്ന സിപിഎം മുൻജില്ലാസെക്രട്ടറിയായ കെ.എൻ ബാലഗാപാലാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരരംഗത്തു വരുന്നതെന്നും സൂചനയുണ്ട്.
ബിജെപി സ്ഥാനാർഥി ചിത്രം വ്യക്തമല്ലെങ്കിലും പാർട്ടി പ്രവർത്തനം ശക്തമാണ്. ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലാണ് ഇക്കുറി പാർലമെന്റ് തെരഞ്ഞെടുപ്പ് കടന്നുവരുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നിൽ ചുക്കാൻ പിടിച്ചത് പ്രേമചന്ദ്രനാണെന്ന് സിപിഎം കരുതുന്നു.
അതിന്റെ ആരോപണ പ്രത്യാരോപണങ്ങൾ മുറുകുന്പോൾ ആർഎസ്പി സിപിമ്മിനെ പ്രതിരോധിക്കാനുള്ള നീക്കംതുടങ്ങികഴിഞ്ഞു. എൽഡിഎഫ് സർക്കാർ ഭരണരംഗത്ത് തികഞ്ഞ പരാജയമാണെന്ന് ആരോപിച്ചുകൊണ്ട് രാഷ്ട്രീയ പ്രചാരണ പരിപാടികൾ തുടങ്ങികഴിഞ്ഞു. അടുത്തമാസം 18ന് സെക്രട്ടറിയേറ്റ് ഉപരോധവും സംഘടിപ്പിക്കും.
പ്രേമചന്ദ്രനെ സംഘപരിവാറിന്റെ ആളെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. ആ നിലയിലാണ് പ്രചാരണ പ്രവർത്തനം നടത്തുന്നത്. പാർലമെന്റിൽ ഏറ്റവും കൂടുതൽ ്ശ്രദ്ധിക്കപ്പെട്ട എംപിമാരിലൊരാളായ പ്രേമചന്ദ്രനെ വീഴ്ത്താൻ സാധാരണ രാഷ്ട്രീയ അടവുകളൊന്നും വിജയിക്കില്ലെന്ന് എൽഡിഎഫിന് വ്യക്തമായിട്ട് അറിയാം. ഏതുമാർഗത്തിലും പ്രേമചന്ദ്രനെ തറപറ്റിക്കാനുള്ള തന്ത്രത്തിലാണ് സിപിഎം. ശബരിമല സ്ത്രീ പ്രവേശന വിഷയം വന്നതോടെ ബിജെപിയിലും കൂടുതൽ ഉണർവ് ഉണ്ടായിട്ടുണ്ട്.
വിശ്വാസികളിൽ കുറെ പേരെങ്കിലും അവരുടെ പാളത്തിലെത്തുമെന്ന കാര്യത്തിൽ അവർക്ക് സംശയമില്ല. അതുകൊണ്ട് തന്നെ എൽഡിഎഫ് യുഡിഎഫ് മുന്നണി സ്ഥാനാർഥികൾക്ക് ലഭിക്കുന്ന വോട്ടുകളിൽ വിള്ളൽവീഴുമെന്ന് അവർ കരുതുന്നു. ഈ സാഹചര്യം തങ്ങൾക്ക് അനുകൂലമാക്കാനുള്ള തന്ത്രങ്ങളാണ് അവരും മെനയുന്നത്.
മാസങ്ങൽക്ക് മുന്പുതന്നെ പ്രേമചന്ദ്രനും ബാലഗോപാലുമാണ് മുന്നണി സ്ഥാനാർഥികളെന്ന് സംസാരമുയർന്നിരുന്നു. അതനുസരിച്ച് പാർട്ടി മെഷിനറികൾ പ്രവർത്തനം തുടങ്ങുകയായിരുന്നു. പ്രേമചന്ദ്രൻതന്നെ നേരിട്ടെത്തിയാണ് ബൂത്തുകമ്മികൾ പലതും സജീവമാക്കുന്നത്. താഴത്തെതട്ടുമുതലുള്ള പ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ കണ്ണെത്തുന്നു. ആർഎസ്പിയും അരയും തലയും മുറുക്കി ഒറ്റക്കെട്ടായി രംഗത്തുണ്ട്.
ഷിബുബേബിജോണാണ് രാഷ്ട്രീയ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബൈപാസ് ഉദ്ഘാടനത്തിന്റെ ആരോപണങ്ങൾക്ക് താൽക്കാലിക വിരാമമായെങ്കിലും അങ്കത്തട്ടിലെ ഏറ്റമുട്ടലിൽ അതിന്റെ തീപ്പൊരികൾ ഉണ്ടാകും.സിപിഎമ്മിന്റെ കണ്ണിലെ കരടായ പ്രേമചന്ദ്രനെതിരെ ശക്തമായ പ്രചാരണപ്രവർത്തനം തന്നെ പാർട്ടി ആസൂത്രണം ചെയ്യുമെന്ന് ഉറപ്പാണ്.