തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന് ലഭിച്ച വൻ ഭൂരിപക്ഷം സിപിഎമ്മിന്റെ നുണ പ്രചാരണത്തിനുള്ള മറുപടിയെന്ന് ആർഎസ്പി. രാഷ്ട്രീയ പ്രചാരണത്തിനു പകരം സി പിഎം നേതൃത്വവും കൊല്ലത്തെ പാർട്ടിക്കാരും പ്രേമചന്ദ്രനെതിരെ വ്യക്തിഹത്യ നടത്തിയുള്ള പ്രചരണമായിരുന്നു.
മുഖ്യമന്ത്രിയുടെ കൊല്ലത്തെ പ്രഖ്യാപനം നിയമസഭയിലെപ്പോലെ ലോക്സഭയിലും ആർഎസ്പിക്ക് പ്രാതിനിധ്യം ഇല്ലാതാക്കുമെന്നായിരുന്നു.എന്നാൽ സംഭവിച്ചത് കേരളത്തിൽ സിപിഎമ്മിന് ഒരു എം പി എന്ന നിലയിലായി എന്ന് ആർഎസ്പി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബംഗാളിലും ത്രിപുരയിലും തകർന്നടിഞ്ഞ സി പിഎമ്മിനുള്ള ഏക ആശ്രയം കേരളമാണ്. പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളവും അവർക്കു നഷ്ടപ്പെടുകയാണ്. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം വൻ തകർച്ചയിൽ എത്തുന്നതിനുള്ള കാരണം സി പി എം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് യോഗം വിലയിരുത്തി.
ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ കൊല്ലത്തു ആർ എസ് പി സ്ഥാനാർത്ഥിയെ തോൽപ്പിച്ചു പാർട്ടിയേയും പ്രേമചന്ദ്രനെയും നശിപ്പിക്കുവാനുള്ള വ്രതമെടുത്തായിരുന്നു കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം. ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രേമചന്ദ്രനെ തോൽപ്പിക്കാൻ ഇവർക്കു കഴിഞ്ഞില്ലെന്നും ആർഎസ്പി പ്രസ്താവനയിൽ പറഞ്ഞു.
ആർ എസ് പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ: ടി.ജെ.ചന്ദ്രചൂഡൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം പി, ഷിബു ബേബി ജോൺ, ബാബു ദിവാകരൻ എന്നിവർ പങ്കെടുത്തു.