കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശന കവാടത്തിന്റെ നിർമാണം ജനുവരിയിൽ പൂർത്തിയാക്കുന്ന വിധം പ്രവർത്തികൾ പുനക്രമീകരിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി അറിയിച്ചു. ചെന്നൈ ദക്ഷിണ റെയിൽവേ പ്ലാനിംഗ് ആൻഡ് ഡവല്പമെന്റ് ചീഫ് എൻജിനീയർ എ.കെ. സിൻഹയുടെ സാന്നിധ്യത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ചേർന്ന ഉന്നതതല യോഗത്തിനും സ്ഥല പരിശോധനയ്ക്കും ശേഷമാണ് വിവരം അറിയിച്ചത്.
കാലവർഷം കൊണ്ടും ഫണ്ടിന്റെ അപര്യാപ്ത കൊണ്ടും നിശ്ചയിച്ച പ്രകാരം പ്രവർത്തി പൂർത്തികരിക്കാൻ ആയില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ ഉണ്ടായ കാലതാമസം പരിഹരിക്കുന്ന വിധം പ്രവർത്തനങ്ങൾ പുനക്രമീകരിക്കുവാനാണ് തീരുമാനിച്ചിട്ടുളളത്.
ഫുഡ് ഓവർ ബ്രിഡ്ജിന്റെയും അനുബന്ധ പ്രവർത്തികൾക്കും ആവശ്യമുളള ഒന്നര കോടി രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും സർക്കുലേറ്റിംഗ് ഏരിയയുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും നിർമ്മാണത്തിനായി നിലവിലുളള 34 ലക്ഷം രൂപയ്ക്ക് പുറമെ ആവശ്യമായി വരുന്ന അധിക ഫണ്ട് ഒരാഴ്ചയ്ക്കുളളിൽ അനുവദിക്കുവാനുളള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അധികൃതർ യോഗത്തെ അറിയിച്ചു.
എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പ്രവേശന കവാടത്തിന്റെ അന്തിമ രൂപ കൽപ്പന ദക്ഷിണ റെയിൽവേ അംഗീകരിച്ച് നൽകിയിട്ടുണ്ട്. പ്രവേശന കവാടത്തിന്റെയും സർക്കുലേറ്റിംഗ് ഏരിയയുടെയും ഫുഡ് ഓവർ ബ്രിഡ്ജിന്റെയും പണി തിങ്കളാഴ്ച മുതൽ ആരംഭിക്കുവാനും പ്രവേശന കവാടത്തിന്റെ നിർമ്മാണം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
എംപി യോടൊപ്പം ദക്ഷിണ റെയിൽവേ പ്ലാനിംഗ് ആൻഡ് ഡവല്പമെന്റ് ചീഫ് എൻജിനീയർ എ.കെ. സിൻഹ, തിരുവനന്തപുരം ഡിവിഷണൽ എഞ്ചിനീയർ വി. കാർത്തിക്ക്, അഡീഷണൽ ഡിവിഷണൽ എൻജിനീയർ കെ. ശ്രീധർ, സീനിയർ സെക്ഷൻ എഞ്ചിനീയർ അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ പി.എസ്. അജയകുമാർ തുടങ്ങിയവർ യോഗത്തിലും സ്ഥല പരിശോധനയിലും പങ്കെടുത്തു.