കൊല്ലം : വേളാങ്കണ്ണി തീവണ്ടി യാത്രക്കാരുടെ സൗകര്യാർത്ഥം സമയം പുനഃക്രമീകരിച്ച് എറണാകുളത്തേക്ക് നീട്ടി ഉത്തരവായതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊല്ലം വേളാങ്കണ്ണി തീവണ്ടി അനുവദിച്ചുവെങ്കിലും സമയക്രമം കൊല്ലത്ത് നിന്നുള്ള തീർത്ഥാടകർക്ക് സൗകര്യപ്രദമായിരുന്നില്ല.
തീവണ്ടിയിൽ കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് തീർത്ഥാടകർക്ക് പോകുവാനും മടങ്ങിവരാനും സൗകര്യപ്രദമായ വിധം പുനഃക്രമീകരിക്കണമെന്നും എറണാകുളത്തേക്ക് ദീർഘിപ്പിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിരന്തരം ആവശ്യപ്പെട്ടിരുന്നു. സമയം പുനഃക്രമീകരിക്കാമെന്നും എറണാകുളത്തേക്ക് ദീർഘിപ്പിക്കാമെന്നും റയിൽവേ ഉറപ്പ് നൽകിയിരുന്നു.
പുതുക്കിയ സമയക്രമം അനുസരിച്ച് ശനിയാഴ്ച രാവിലെ 10.15 ന് എറണാകുളത്ത് നിന്നും യാത്ര തിരിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്തും ഞായറാഴ്ച വെളുപ്പിന് 4.45 ന് വേളാങ്കണ്ണിയിലും എത്തിച്ചേരും. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പുണ്ട്.
ഞായറാഴ്ച വൈകുന്നേരം 6.50 ന് വേളാങ്കണ്ണിയിൽ നിന്നും യാത്ര പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ തെന്മല എത്തിച്ചേരും. എട്ടിനാണ് ട്രെയിൻ കൊല്ലത്ത് എത്തിച്ചേരുന്നത്. പുതിയ സമയക്രമം അനുസരിച്ച് ശനിയാഴ്ച ഉച്ച കഴിഞ്ഞ് 1.30 ന് കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിൽ പോകുന്ന തീർത്ഥാടകർക്ക് ഞായറാഴ്ച അതിരാവിലെ വേളാങ്കണ്ണിയിൽ എത്തിച്ചേരാം.
അന്നേദിവസം വൈകുന്നേരം 6.50 ന് തന്നെ മടക്കയാത്ര ആരംഭിച്ച് പിറ്റേദിവസം വെളുപ്പിന് തെന്മല മുതൽ കൊല്ലം വരെയുള്ള വിവിധ സ്റ്റേഷനുകളിലെത്താൻ കഴിയും. വേളാങ്കണ്ണി, നാഗൂർ എന്നിവിടങ്ങളിലേക്ക് തീർത്ഥാടനം നടത്തുന്ന തീർത്ഥാടകരെ സംബന്ധിച്ചിടത്തോളം വളരെ സൗകര്യപ്രദമായ രീതിയിലാണ് സമയപുനഃക്രമീകരണം. എറണാകുളം മുതലുള്ള യാത്രക്കാർക്ക് പ്രയോജനപ്രദമായ തരത്തിലാണ് തീവണ്ടി ദീർഘിപ്പിച്ച് സമയം
പുനഃക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസം വീതം റഗുലറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.