പരവൂർ :എൻ.കെ പ്രേമചന്ദ്രന്റെ സ്വീകരണ സമ്മേളനത്തിനിടയിൽ മുക്കടയിൽവച്ച് കോൺഗ്രസ് പ്രവർത്തകനെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ സിപിഎം പ്രവർത്തകനായ മഹേന്ദ്രൻ ഒളിവിൽ. ഇയാൾ ഉടൻ പിടിയിലാകുമെന്ന് പരവൂർ പോലീസ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറി രാധാകൃഷ്ണപിള്ളയ്ക്കുനേരെയാണ് ആക്രമണം നടന്നത്. കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിക്കുകയിരുന്നുവെന്നാണ് യുഡിഎഫ് ആരോപണം.
സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ്പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. പരവൂർ പാരിപ്പള്ളി റോഡിൽ ഒരു മണിക്കൂറിലേറെ റോഡ് ഗതാഗതം തടസപ്പെട്ടു. സിപിഎം പ്രവർത്തകന്റെ പേരിൽ വധശ്രമത്തിലാണ് കേസ്. പരിക്കേറ്റ രാധാകൃഷ്ണപിള്ള തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് ഉറപ്പുനൽകിയതിനെതുടർന്നാണ് യുഡിഎഫ് നേതാക്കൾ ഉപരോധം അവസാനിപ്പിച്ചത്. അതേസമയം കരടിമുക്കിൽ പ്രേമചന്ദ്രന്റെ സ്വീകരണ വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.