തിരുവനന്തപുരം: മുഖ്യമന്ത്രി ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കുന്നതാണോയെന്ന് അദ്ദേഹം വിലയിരുത്തണം. താൻ പ്രകോപനത്തിനില്ല. പരാജയഭീതി ഉണ്ടാകുന്പോൾ പ്രകോപനം സൃഷ്ടിക്കുന്നത് സിപിഎമ്മിന്റെ നയമാണെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പ്രേമചന്ദ്രനെതിരേ പിണറായി വിജയൻ നടത്തിയ പരനാറി പ്രയോഗത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്ന പിണറായിയുടെ പരാമർശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.താൻ ഒരു രാഷ്ട്രിയ നെറികേടും കാലുമാറ്റവും നടത്തിയിട്ടില്ല
. തന്റെ പാർട്ടിയായ ആർഎസ്പിയുടെ സംസ്ഥാന സമിതി തീരുമാനപ്രകാരമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനോടൊപ്പം ചേർന്ന് മത്സരിച്ചത്. രാഷ്ട്രീയ നെറിയും നെറികേടും വോട്ടർമാർ തീരുമാനിക്കുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രേമചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിന്റെ ഘടകകക്ഷിയായിരുന്ന ആർഎസ്പിക്ക്്് സീറ്റ് നൽകിയിരുന്നില്ല. ഇതേ തുടർന്ന് ആർഎസ്പി നേതൃത്വം സിപിഎമ്മുമായി വഴിപിരിയുകയായിരുന്നു. തുടർന്ന് യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തി പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥിയായി കൊല്ലത്ത് മത്സരിക്കുകയായിരുന്നു.