കൊല്ലം: മാധ്യമ പ്രവർത്തകരെ സമ്മർദത്തിലാക്കി വരുതിയിൽ നിർത്താൻ കേന്ദ്രസർക്കാർ നടത്തിയ ശ്രമം അപലപനീയമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. എല്ലാ ജനവിഭാഗങ്ങളിൽ നിന്നും ഉയർന്ന പ്രതിഷേധം കണക്കിലെടുത്താണ് പത്രമാരണ ഉത്തരവ് പിന്നീട് സർക്കാർ പിൻവലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലയിലെ വ്യാപാരി വ്യവസായികളുടെ മുഖപത്രമായ ബാലൻസ് മാസികയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. ചടങ്ങിൽ എസ്.രമേശ്കുമാർ ടി.എം.എസ് മണി അധ്യക്ഷത വഹിച്ചു.
പതിനഞ്ച് വർഷം ബാലൻസ് മാസികയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ എം.നൗഷാദ് എംഎൽഎ ആദരിച്ചു. യുഎൻ ഇൻഫർമേഷൻ സെന്ററിന്റെ ബെസ്റ്റ് ജേർണലിസ്റ്റ് പുരസ്കാര ജേതാവ് പെരുമൺ എൻജിനീയറിംഗ് കോളജിലെ രണ്ടാം സെമസ്റ്റർ കന്പ്യൂട്ടർ സയൻസ് വിദ്യാർഥി പരവൂർ കുറുമണ്ടൽ ശ്രീരാഗത്തിൽ എസ്.ഐ.ആദിത്യനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ഡോ.എ.യൂനുസ്കുഞ്ഞ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, മുൻ ജനറൽ സെക്രട്ടറി എം.എസ്.ബാബു, മുഹമ്മദ് ഇർഷാദ് ഹക്കിമി ആലുവ, ബാലൻസ് ചീഫ് എഡിറ്റർ എസ്.എം.അബ്ദുൾ ഖാദർ, പ്രോഗ്രാം കോർഡിനേറ്റർ എ.കെ.ജോഹർ എന്നിവർ പ്രസംഗിച്ചു.