പുനലൂർ: വൻകിട കോർപ്പറേറ്റുകൾക്കും അതി സന്പന്നർക്കുമാണ് മോദി ഭരണത്തിൽ അച്ചാദിൻ ആസ്വദിക്കാനായതെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു. നലൂർ കെഎസ്ആർടിസി മൈതാനിയിൽ യുഡിഎഫ് നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
രാജ്യത്തെ നടുക്കിയ 20000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ നീരവ് മോദി മോദി ഭരണത്തിൽ അനായാസമായി വിദേശത്ത് എത്തി സുഖജീവിതം നയിക്കുന്നത് ബിജെപിയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം പരിഹസിച്ചു.
കൊലപാതക രാഷ്ട്രീയത്തിന്റെ മണ്ണായി മാറിയ കേരളത്തിൽ പച്ചക്കറി കൊത്തിയരിയുന്ന് പോലെ ഷുഹൈബിനേയും സഫീറിനേയും പോലുള്ള യൂവാക്കൾപോലും കൊലക്കത്തിക്ക് ഇരയാകുന്നത് ഹൃദയഭേദകമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
കണ്ണൂരിലെ കൊലവിളി രാഷ്ട്രീയത്തിലെ നായകനായ പി. ജയരാജനെ നന്മയുടെ പൊന്മരം എന്ന് വാഴ്ത്തിപ്പാടിയ ആകാശ് തില്ലങ്കേരി സിപിഎം അറിയാതെ ഷുഹൈബിനെ നികൃഷ്ടമായി കൊല്ലമോയെന്ന് സിപിഎം വ്യക്തമാക്കണം.
40 വർഷം പ്രവാസ ജീവിതം നയിച്ച പുനലൂർകാരനായ സുഗതന്റെ ആത്മഹത്യ സ്വന്തം സഖാക്കളുടെ കൊടിനാട്ടി പണം നേടാമെന്നുള്ള ശ്രമത്തിന്റെ ഭാഗമാണെന്നിരിക്കെ സ്വന്തം നാട്ടുകാരന്റെ ആത്മഹത്യ സംബന്ധിച്ച് സ്ഥലം എംഎൽഎയുടെ മന്ത്രിയുമായ കെ. രാജു മിണ്ടാത്തതെന്തെന്ന് എംപി ആരാഞ്ഞു.
തൊഴിലാളി വർഗ സർക്കാർ ഭരിക്കുന്ന കേരളത്തിൽ നിലവിലുള്ള 800 കശുവണ്ടി ഫാക്ടറികളിൽ പ്രവർത്തിക്കുന്നത് 50 എണ്ണം മാത്രമാണെന്നിരിക്കെ ലക്ഷകണക്കിന് കശുവണ്ടി തൊഴിലാളികൾ പട്ടിണിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് ചെയർമാൻ കരിക്കത്തിൽ പ്രസേന്നൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, പുനലൂർ മധു, എസ്. താജുദീൻ, അഞ്ചൽ സോമൻ, സി. മോഹനൻപിള്ള, സി. ബാലചന്ദ്രൻ, ഏറം ജലാലുദീൻ, സൈമൺ അലക്സ്, നെൽസൺ സെബാസ്റ്റ്യൻ, എം.എം. ജലീൽ, എം. ഗീതാകുമാരി തുടങ്ങിയവർ പങ്കെടുത്തു.