കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നൽകുന്നതിലുളള ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.കേന്ദ്രത്തിൽ പഴിചാരി രക്ഷപ്പെടാമെന്ന സംസ്ഥാന സർക്കാരിന്റെ വഞ്ചനാപരമായ നിലപാട് തൊഴിലാളി സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.കെ. പ്രേമചന്ദ്രൻ എംപി യുടെ നേതൃത്വത്തിൽ എൻആർഇജിഎസ് – യുടിയുസി യുടെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പുകാരുടെ വേതനം കുടിശിക സഹിതം നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൻകിടക്കാരുടെയും സമ്പന്നരുടെയും താല്പര്യം സംരക്ഷിക്കാൻ പണം കണ്ടെത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത സർക്കാരിന് പാവപ്പെട്ട തൊഴിലാളികളുടെ വേതനം നൽകാൻ പണമില്ലാത്തത് തൊഴിലാളി വിരുദ്ധ നയമാണെന്നും എ.എ. അസീസ് പറഞ്ഞു.
തൊഴിലുറപ്പ് വേതന കുടിശികയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ ഉത്തരവാദിത്തമാണ്. യുഡിഎഫ് കാലത്ത് കുടിശികയില്ലാതെ വിതരണം ചെയ്തിരുന്ന കൂലി ഒമ്പത് മാസമായി മുടങ്ങിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പു കേടാണെ ന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
രാപകൽ സമരം നടത്തുന്ന എൻ.കെ. പ്രേമചന്ദ്രൻ എംപിയെ സന്ദർശിച്ച് സമരത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കണ്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണം. നിത്യവൃത്തിക്ക് നിവൃത്തിയല്ലാത്ത പാവപ്പെട്ട തൊഴിലാളികളുടെ വേതനം അടിയന്തിരമായി വിതരണം ചെയ്യുന്നതിന് സർക്കാരുകൾ തയാറാവണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
തൊഴിലുറപ്പ് വേതനം കുടിശിക തീർത്ത് തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിനായി വിഷയം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ലോകസഭയിൽ ഉന്നയിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. തൊഴിലാളികളുടെ പട്ടിണിയും പരിതാപകരമായ അവസ്ഥയും ബോധ്യപ്പെടുത്താൻ 11 ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി യെ നേരിൽ കണ്ട് കുടിശിക തീർത്ത് നൽകുവാൻ ആവശ്യപ്പെടും.
കേന്ദ്രത്തിൽ നിന്നും പണം ലഭിക്കുന്നതു വരെ തൊഴിലാളികളെ പട്ടിണിക്കിടാതെ ബദൽ സംവിധാനം ഏർപ്പെടുത്താനും വേതനം നൽകാനും സംസ്ഥാന സർക്കാർ തയാറാകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.എൻആർഇജിഎസ് – യുടിയുസി യുടെ ആഭിമുഖ്യത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി നേതൃത്വം നൽകുന്ന രാപകൽ സമരം എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ആർഎസ്പി ജില്ലാ സെക്രട്ടറി ഫിലിപ്പ്.കെ.തോമസ് അധ്യക്ഷത വഹിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, ഷാനവാസ്ഖാൻ, വെളിയം ഉദയകുമാർ, പ്ലാക്കാട് ടിങ്കു, കെ. രാജി, ടി.സി. വിജയൻ, സിസിലി, ചവറ എം.എസ്. ബിജു, സുലോചന പല്ലിശേരി, സി.പി. സുധീഷ് കുമാർ, ഗോപൻ, ഇടവനശേരി സുരേന്ദ്രൻ, എ.എം. സാലി, പ്രകാശ് ബാബു, പാങ്ങോട് സുരേഷ് , അംബിക, സ്വർണമ്മ എന്നിവർ പ്രസംഗിച്ചു.