കൊല്ലം :പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കായി സർക്കാർ അനുവദിച്ച എക്സ്ഗ്രേഷ്യ ധനസഹായം തികച്ചും അപര്യാപ്തമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എല്ലാ തൊഴിലാളികൾക്കും 2500 രൂപ ആശ്വാസധനസഹായവും സൗജന്യറേഷനും നൽകുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചതാണ്.
എന്നാൽ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ പേരിൽ തീരുമാനം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തുടർന്ന് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ഉത്തരവിന്റെ പരിധിയിൽ കാപെക്സിന്റെയും കശുവണ്ടി കോർപ്പറേഷന്റെയും തൊഴിലാളികളെ മാത്രം ഉൾപ്പെടുത്തി മറ്റു തൊഴിലാളികൾക്ക് അവകാശം നിഷേധിക്കുകയാണ് ചെയ്തത്.
എക്സ്ഗ്രേഷ്യ അനുവദിക്കുന്നത് 447 ഫാക്ടറികളിലെ തൊഴിലാളികൾക്ക് മാത്രമായി നിജപ്പെടുത്തിയതിലൂടെ ബഹുഭൂരിപക്ഷം കശുവണ്ടി തൊഴിലാളികൾക്കും ഓണക്കാലം പട്ടിണിക്കാലമായി മാറും. തുറന്നുപ്രവർത്തിച്ച കശുവണ്ടി ഫാക്ടറികൾ പോലും വർഷത്തിൽ പത്തോ പതിനഞ്ചോ ദിവസമാണ് പ്രവർത്തിച്ചതെന്ന വസ്തുത സർക്കാർ കണക്കിലെടുത്തില്ല.
നാമമാത്രമായ തൊഴിൽദിനങ്ങൾ മാത്രം നൽകി തുറന്നുപ്രവർത്തിച്ച ഫാക്ടറികളിലെ തൊഴിലാളികളെ എക്സ്ഗ്രേഷ്യയുടെ പരിധിയിൽ നിന്നും ഒഴിവാക്കിയത് കടുത്ത നീതി നിഷേധവും തൊഴിലാളി ദ്രോഹമാണെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.
ഉപാധികൾ കൂടാതെ എല്ലാ കശുവണ്ടി തൊഴിലാളികൾക്കും പതിനായിരം രൂപ ആശ്വാസധനസഹായവും സൗജന്യമായി റേഷനും ഓണക്കിറ്റും നൽകുവാൻ സർക്കാർ തയ്യാറാകണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.