കുളത്തുപ്പുഴ:സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്. കുളത്തുപ്പുഴയില്‍ ആര്‍എസ്പി രാഷ്ട്രീയ പ്രചാരണ ജാഥ ഉദ്ഘടാനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രന്.
ബിജെപിയെ കേരളത്തിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റിയെടുക്കുക എന്ന രാഷ്ട്രീയ ദൗത്യമാണ് സിപിഎമ്മും പിണറായി വിജയനും ഏറ്റെടുത്തിരിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന് ആരോപിച്ചു. ഇതിന്റെ പിന്നിലെ രാഷ്ടിയമെന്താണ് എന്ന് ചിന്തിക്കുന്ന എല്ലാവര്ക്കും മനസിലാകും.
വര്‍ഗീയത വളര്‍ത്തി ബിജെപിയെ ശക്തിപ്പെടുത്തി കോണ്‍ഗ്രസിനെയും യുഡിഎഫിനേയും ദുര്‍ബലപ്പെടുത്തി മത ന്യുന പക്ഷങ്ങളുടെ പിന്തുണയോട് കൂടി തുടര്‍ഭരണം സ്ഥാപിക്കുക എന്ന പിണറായി വിജയന്റെ തന്ത്രമാണ് കേരളത്തില്‍ നടക്കുന്നത്. അല്ലെങ്കില്‍ ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രശ്നം ഇത്രയും വഷളാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ലക്ഷ്യം എന്താണ് എന്നും പ്രേമചന്ദ്രന് ചോദിക്കുന്നു.
സിപിഎമ്മിനും പിണറായി വിജയനുമെതിരെ സംസാരിക്കുന്നവരെയെല്ലാം സംഘികളും ആര്‍എസ്എസും ബിജെപിക്കാരും ആക്കിമാറ്റുന്നു. കേരളത്തില്‍ സവര്ണ്ണന് എന്നും അവര്ണ്ണന് എന്നും സാമുദായിക വേര്‍തിരിവും സംഘര്‍ഷവും ഉണ്ടാക്കാന്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ ശ്രമിക്കുന്നുവെന്നും പ്രേമചന്ദ്രന് പറഞ്ഞു.